Payangadi
'ജാതി കോമരങ്ങൾക്കെതിരെ' പ്രതിഷേധവുമായി ചെങ്ങൽ കുണ്ടത്തിൻ കാവ് പരിസരം..
8 Mar 20233 മിനിറ്റ് വായന

പഴയങ്ങാടി (www.payangadilive.in) : കാലാകാലങ്ങളായി കുണ്ടത്തിൻ കാവ് കളിയാട്ടത്തിന്റെ ഭാഗമായി നടത്തി വരുന്ന എഴുന്നള്ളത്തിൽ ഒരു ജാതി വിഭാഗത്തെ മാത്രം അകറ്റി നിർത്തി വരികയായിരുന്നു. തീയ്യ സമുദായത്തിന്റെ കൂടാതെ മുന്തിയതെന്നും - താഴ്ന്നതെന്നും സാമ്പ്രദായികമായി വിശേഷിപ്പിച്ച് വരുന്ന എല്ലാ മനുഷ്യരുടെ വീട്ടിലും ഏളത്ത് കയറി അനുഗ്രഹം ചൊരിയുമ്പോൾ , പുലയ സമുദായത്തിൽ ജനിച്ച് പോയതിന്റെ പേരിൽ ഒരു കൂട്ടം മനുഷ്യരെ മാത്രം മാറ്റി നിർത്തിയിരുന്നു ഇത്രയും കാലം.
ഇത്തവണത്തെ ജനറൽബോഡിക്ക് മുൻപ് തന്നെ ക്ഷേത്രസംരക്ഷണ സമിതിക്ക് നാലോളം കത്തുകൾ / പരാതികൾ ലഭിച്ചിരുന്നു. അതിലൊന്ന് എല്ലാ സമുദായക്കാരുടെയും വീട്ടിൽ ഏളത്ത് കയറുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇതുൾപ്പെടെ മുഴുവൻ കത്തുകളും സംരക്ഷണ സമിതി ചർച്ച ചെയ്യുകയും, ജനറൽ ബോഡിക്ക് മുൻപാകെ വെക്കുകയും ചെയ്തു.
അജണ്ടയിൽ മറ്റ് കാര്യങ്ങൾ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിത്തന്നെയാണ് ജനറൽ ബോഡിയിൽ ഈ പരാതികളെല്ലാം അവതരിപ്പിച്ചത്. ജനറൽ ബോഡി ചർച്ച ചെയ്യുകയും ഒരാൾ പോലും എതിർത്ത് പറയാത്തതിന്റെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ സമുദായക്കാർ ആവശ്യപ്പെടുകയാണെങ്കിൽ, അവരുടെ ഭവനത്തിലും ഏളത്ത് ചെല്ലും എന്ന പുരോഗമനപരവും മനുഷ്യത്വപരവുമായ തീരുമാനം കൈക്കൊണ്ടു. ശ്രദ്ധിക്കേണ്ട കാര്യം, ജനറൽബോഡിയാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്നതാണ്.
തുടർന്ന് അടിയന്തിരക്കാരും , ക്ഷേത്രം കാരണവന്മാരും , വനിതാക്കമ്മിറ്റിയും ഉൾപ്പെടെ ഈ തീരുമാനത്തെ അംഗീകരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സ്വാഭാവികമായും പുതിയ ആഘോഷക്കമ്മിറ്റി ഉൾപ്പെടെ രൂപീകരിക്കാനായി യുവാക്കൾ മുന്നോട്ട് വരുന്ന ഘട്ടത്തിലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ജനറൽ ബോഡിയിൽ പങ്കെടുത്ത ചിലരും വർഷങ്ങളായി കുണ്ടത്തിൻ കാവിൽ ഒരുവിധ സഹായവും ചെയ്യാത്ത ചിലർ , ഇരുപത് വർഷത്തോളം സ്വന്തം വീട്ടിലേക്കുള്ള ഏളത്തിന്റെ വരവ് മുടക്കിയവർ ഉൾപ്പെടെ ജനറൽ ബോഡി തീരുമാനത്തിനെതിരായി രംഗത്ത് വന്നു. ഒറ്റവായനയിൽ വിശ്വാസി മനസ്സിൽ കനല് കോരിയിടുന്ന ഒരു കത്ത് എഴുതി , മുപ്പത് കോപ്പി ഫോട്ടോസ്‌റ്റാറ്റും എടുത്ത് ഇവർ വീടുകൾ കയറി ഒപ്പ് ശേഖരിക്കാനും തുടങ്ങി.
ഒരു രജിസ്ട്രേഡ് കമ്മിറ്റിയായ ക്ഷേത്ര സംരക്ഷണ സമിതിയുടെ ജനറൽബോഡി തീരുമാനത്തിനെതിരായി ഒപ്പ് ശേഖരണം നടത്തിയത് തന്നെ ഗുരുതരമായ തെറ്റാണ്.
അതിനപ്പുറം, ഇവരുടെ ഈ ചെയ്തി മൂലം അനാവശ്യ ആശങ്കയ്ക്ക് പുറത്ത് ക്ഷേത്ര കമ്മിറ്റി , ജനറൽബോഡി തീരുമാനത്തിനെ വകവെക്കാതെ ഏളത്ത് പോവുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നിന്നും പിൻവലിയുന്ന സ്ഥിതിയുണ്ടായി.
ജാതീയമായ അധിക്ഷേപമാണ് ഇവിടെ കാണിച്ചത്. അതിലുപരിയായി കഴകത്തിന്റെ കൂട്ടായ തീരുമാനത്തിന് വില കല്പിക്കാതിരിക്കുകയും ചെയ്തു. ഈ തീരുമാനത്തിനെ കഴകത്തിലെ വാല്യക്കാരും യുവാക്കളും ശക്തിയുക്തം എതിർക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് നടന്ന മധ്യസ്ഥ ചർച്ചകളിലും, യോഗങ്ങളിലും ജാതീയമായ വേർതിരിവിനെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന ഈ നിലപാടിനെതിരെ വലിയൊരു കൂട്ടർ ശക്തമായി നിലകൊണ്ടിട്ടുമുണ്ട്. മധ്യസ്ഥ ചർച്ച ഫലം കാണാതെ വന്നപ്പോൾ ദൈവഹിതം അറിഞ്ഞ് ആ തീരുമാനപ്രകാരം മുന്നോട്ട് പോവാം എന്ന് പറഞ്ഞപ്പോൾ എതിർപ്പുമായെത്തിയത് ഈ 'ജാതിക്കോമരങ്ങളാണ്.' ആചാരം ലംഘിക്കുന്നു , വിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്ന് അലമുറയിട്ട് നുണ പ്രചരണം നടത്തിയവരാണവർ. യഥാർത്ഥ വിശ്വാസികളെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇവർക്ക് ദൈവത്തിന്റെ തീരുമാനത്തെ ഭയപ്പെടേണ്ട കാര്യമെന്താണെന്ന് 'ഒരു കൂട്ടം മനുഷ്യർ' ചോദിക്കുന്നു. അവസാനം ഒരു വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷ ഹിതം അറിയാം എന്ന് തീരുമാനിച്ചപ്പോഴും പിൻവലിഞ്ഞത് ഇക്കൂട്ടർ തന്നെ.
ജനറൽബോഡി തീരുമാനത്തിനെ മറികടക്കാൻ മറ്റൊരു ജനറൽബോഡി യോഗത്തിനേ സാധിക്കൂ എന്നിരിക്കെ ക്ഷേത്രസംരക്ഷണ സമിതി കൈക്കൊണ്ട നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് അക്കൂട്ടർ പറഞ്ഞു. ഇതിന്റെ ഫലമായ ആഘോഷക്കമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടിയിരുന്ന യുവജനങ്ങളും വാല്യക്കാരും അതിൽ നിന്നും പിന്തിരിഞ്ഞു. കാലങ്ങളായി ഗംഭീരമായി സംഘടിപ്പിച്ച് വരുന്ന കളിയാട്ടം നടത്തിപ്പ് അനിശ്ചിതത്വത്തിലായി. കാവുമായി ഒരു തരത്തിലുമുള്ള ആത്മബന്ധമില്ലാത്ത ചിലരുടെ അനാവശ്യ ഇടപെടൽ മൂലം നഷ്ടം വന്ന് ചേർന്നത് ആത്യന്തികമായി കാവിനെയും കളിയാട്ടത്തെയും സ്നേഹിക്കുന്ന ഭൂരിപക്ഷം വരുന്ന ജനസമൂഹത്തിനും . ഇതാണ് യാഥാർത്ഥ്യം . ഇത് തിരിച്ചറിയാതെ ഞങ്ങൾ കളിയാട്ടം മുടക്കാൻ ശ്രമിച്ചു , ഞങ്ങൾ ആചാരം ലംഘിച്ചു. അതിലാണ്.
മുൻപ് കാവിൽ ആചാരത്തിന്റെ ഭാഗമായിത്തന്നെ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരുന്നു. എന്നാൽ ഇന്ന് കളിയാട്ട സമയങ്ങളിലും അല്ലാതെയുമായി സ്ത്രീകൾ കാവിൽ കയറുകയും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുമുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്ത്രീവിരുദ്ധമായ ഈ ആചാരം അവസാനിപ്പിച്ചതിനാലാണ് അവർക്കിന്ന് അതിന് സാധിക്കുന്നത്. ചുരുക്കത്തിൽ സ്ത്രീവിരുദ്ധവും, മനുഷ്യവിരുദ്ധവുമായ ആചാരങ്ങൾ ലംഘിച്ചും അവസാനിപ്പിച്ചും തന്നെയാണ് സമൂഹം മുന്നോട്ട് പോയിട്ടുള്ളത്. ആത്യന്തികമായി വിദ്യനേടാനും , മാറ് മറക്കാനും , പൊതുവഴിയിൽക്കൂടെ നടക്കാനും , ആരാധന നടത്താനുമുൾപ്പെടെ നാമിന്ന് അനുഭവിക്കുന്ന സർവ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും പോരാടിയും , ലംഘിച്ചും നേടിയതാണെന്ന കേവല ചരിത്രബോധമെങ്കിലും മനുഷ്യർ വെച്ച് പുലർത്തണം.





