Payangadi
HomeNews

പരിയാരം സി.ഐയായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍...

31 Aug 20222 മിനിറ്റ് വായന
പരിയാരം സി.ഐയായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍...

 


പോലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പരിയാരത്താണ് സംഭവം. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പൊലീസ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പൊലീസ് വേഷത്തിൽ പരിയാരത്തും പരിസ പ്രദേശങ്ങളിലുമുള്ള റോഡുകളില്‍ വാഹന പരിശോധനയും, ബോധവൽക്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു.

പരിയാരം പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജഗദീഷ് വാഹന പരിശോധനയും മറ്റും നടത്തി വന്നിരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് പ്രതി. നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐ ഇല്ല. മാത്രമല്ല മറ്റ് പൊലീസുകാരുടെ അകമ്പടിയൊന്നുമില്ലാതെ സിഐ ഒറ്റയ്ക്ക് പരിശോധന നടക്കുന്നതും നാട്ടുകാരുടെ സംശയത്തിന് കാരണമായി. ഇതോടെയാണ് പ്രദേശവാസികളായ ചിലര്‍ പരിയാരം സ്റ്റേഷനിൽ വ്യാജ സിഐയെപ്പറ്റി വിവരമറിയിച്ചത്.

പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളിൽ കോട്ടുമിട്ടായിരുന്നു ജഗദീഷിന്‍റെ ബൈക്ക് യാത്ര. യൂണിഫോമും, നെയിംബോര്‍ഡും, പൊലീസ് ബൂട്ടുമെല്ലാം കണ്ടാല്‍ ആരും തെറ്റിദ്ധരിക്കും. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റിയായിരുന്നു ഇയാള്‍ നിന്നിരുന്നത്. വാഹനങ്ങള്‍ തടഞ്ഞ് ബോധവത്കരണം നടത്തുകയും പരിശോധന നടത്തുകയും ചെയ്യും. നഗരത്തില്‍ വ്യാജ സിഐയുടെ വരവറിഞ്ഞ പരിയാരം എസ്ഐ വിപിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. ജഗദീഷിനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ എന്നും മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണെന്ന് എസ് ഐ വിപിന്‍ ജോയ് പറഞ്ഞു.

 ചന്തപ്പുരയിലെ വിനോദിന്റെ ഉടമസ്ഥതയിലുള്ള ടെയിലറിംഗ് ഷോപ്പില്‍ നിന്നും ടെലിഫിലിമില്‍ അഭിനയിക്കാനെന്ന് പറഞ്ഞാണ് സി.ഐയുടെ യൂണിഫോം തയ്പ്പിച്ച് വാങ്ങിയത്. പോലീസുകാര്‍ക്കുള്ള ഷൂസും ഷോക്‌സും സ്റ്റാറും ഉള്‍പ്പെടെ യൂണിഫോമിനാവശ്യമായ എല്ലാ സാധനങ്ങളും വിനോദിന്റെ ഷോപ്പിലുണ്ടായിരുന്നു. അധികം യാത്രക്കാരില്ലാത്ത മണിയറ-കാനായി-കോറോം റോഡിലും എരമം-കുറ്റൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലുമായിരുന്നു സി.ഐയുടെ വിളയാട്ടം ആരംഭിച്ചത്. സി.ഐയുടെ യൂണിഫോം ധരിച്ച് അതിന് മുകളില്‍ കോട്ട് ധരിച്ച് ബൈക്കിലായിരുന്നു സി.ഐയുടെ സഞ്ചാരം. ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവര്‍, അമിതവേഗത്തില്‍ പോകുന്നവര്‍, യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍, മാസ്‌ക്ക് ധരിക്കാത്തവര്‍ എന്നിവരൊക്കെയായിരുന്നു സി.ഐയുടെ ഇരകള്‍. ഇവരെ ഉപദേശിക്കുകയും കര്‍ശനമായി താക്കീത് ചെയ്ത് വിടുകയുമാണ് ഇയാളുടെ രീതീയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായ് 30 മുതലാണ് ജഗദീഷിന്റെ സി.ഐ ജോലി ആരംഭിച്ചത്. പരിയാരത്ത് നിലവില്‍ സി.ഐ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനെപ്പറ്റി അറിയാവുന്ന ഒരാളാണ് സംശയംതോന്നി വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കെ.ദിലീപിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് എസ്.എസ്.ബി എ.എസ്.ഐ രാജീവനും ചേര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ജഗദീഷ് ആരോടെങ്കിലും പണം വാങ്ങിയിരുന്നോ എന്നത് ഇതേവരെ വ്യക്തമല്ല, ആരെങ്കിലും പരാതിയുമായി എത്തിയാല്‍ അതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസ് പിടികൂടിയെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ജഗദീഷിന്റെ പെരുമാറ്റമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക