Kerala
HomeNews

തന്റെ സത്യാഗ്രഹം സി.ബി.ഐയ്‌ക്കെതിരെയല്ല, മോഡിയുടെ അതിക്രമങ്ങള്‍ക്കെതിരെ: മമത ബാനര്‍ജി, സി.ബി.ഐയ്‌ക്കെതിരെ ബംഗാള്‍ പോലീസ്, ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചു

4 Feb 20191 മിനിറ്റ് വായന
തന്റെ സത്യാഗ്രഹം സി.ബി.ഐയ്‌ക്കെതിരെയല്ല, മോഡിയുടെ അതിക്രമങ്ങള്‍ക്കെതിരെ: മമത ബാനര്‍ജി, സി.ബി.ഐയ്‌ക്കെതിരെ ബംഗാള്‍ പോലീസ്, ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചു

ന്യുഡല്‍ഹി: പശ്ചിമ ബംഗാളിലെ പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും നടത്തുന്ന അട്ടിമറി നീക്കമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രശ്‌നം പരിഹരിക്കുന്നതുവരെ തന്റെ സത്യാഗ്രഹം തുടരുമെന്നും അവര്‍ പറഞ്ഞു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കൊത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതോടെയാണ് മമത സത്യാഗ്രഹം ആരംഭിച്ചത്.

തന്റെ സത്യാഗ്രഹം സി.ബി.ഐയ്‌ക്കെതിരെയല്ലെന്നും മോഡി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്കെതിരെയാണെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ ബി.ജെ.പിയെ എതിര്‍ത്താല്‍ അവര്‍ കേന്ദ്ര ഏജന്‍സികളെ നിങ്ങള്‍ക്കെതിരെ അഴിച്ചുവിടും. ഇതൊരു വലിയ യുദ്ധമാണ്. രാജ്യമെമ്പാടുനിന്നും തങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു. തന്റെ പ്രക്ഷോഭത്തിന്റെ പേരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ക്ലേശിക്കേണ്ടിവരില്ലെന്നും മമത വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പദ്ധതികളില്‍ കേന്ദ്രത്തിന് അസൂയയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ബംഗാളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന രഹസ്യാത്മക റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ട്.

അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കുന്നതിനുള്ള ഒപ്പുശേഖരണത്തിലാണ്. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ ബംഗാള്‍ പോലീസും നീക്കം തുടങ്ങി. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണെന്നും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സി.ബി.ഐയുടെ റെയ്ഡിനിതെിരെയാണ് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക