Information
നഗരത്തിലെ റോഡ് ടാറിംങ്ങ് ചര്‍ച്ചയാകുന്നു, ചെരിപ്പ് പുറത്തു കണ്ടു തുടങ്ങി
8 Jul 20231 മിനിറ്റ് വായന
പയ്യന്നൂര്‍:പയ്യന്നൂരിൽ റോഡ് ടാറിംഗിൽ ചെരിപ്പിനെ അകത്താക്കിയുള്ള നിർമ്മാണ പ്രവൃത്തി മഴ കാലമായതോടെ ചൂടുപിടിച്ച ചര്‍ച്ചയാകുന്നു.പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍-കണ്ടങ്കാളി റോഡില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിക്ക് മുന്നിലാണ് റബ്ബര്‍ ചെരിപ്പിനെ ടാറിങ്ങിനൊപ്പം ചേര്‍ത്ത് മൂടിയ ഈ ദൃശ്യം. മഴക്കാലമായതോടെ മണ്ണിൽ നിന്നും തവള പുറത്തേക്കെന്ന പോലെ ചെരിപ്പും യാത്രക്കാരെ തേടുന്നു.
ഒരുമാസം മുമ്പാണ് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍-കണ്ടങ്കാളി റോഡ് ടാറിംങ്ങ് നടത്തിയത്. മാസങ്ങളോളം ഇഴഞ്ഞുനീങ്ങിയ പ്രവര്‍ത്തി ചര്‍ച്ചയായതിനെ തുടര്‍ന്നാണ് മഴക്ക് മുമ്പായി ടാറിംങ്ങ് നടത്തിയത്.അതിനിടയിലാണ് ടാര്‍ മിക്‌സിങ്ങിനൊപ്പമുണ്ടായിരുന്ന റബ്ബര്‍ ചെരിപ്പിനെ ഉൾപ്പെടെ മൂടി ” റബ്ബറൈസിഡ് – പുതുമയുള്ള ടാറിങ്ങ് ” അരങ്ങേറിയത്.ജോലിക്കാര്‍ പോയതോടെ തലയുര്‍ത്തി നോക്കാന്‍ തുടങ്ങിയ ചെരിപ്പിന് ചുറ്റുമുള്ള ടാറിംഗ്ഭാഗം തകരാൻ തുടങ്ങിയപ്പോഴാണ് നാട്ടുകാർ പുതിയ ‘സാങ്കേതിക’ വിദ്യയുപയോഗിച്ചുള്ള ടാറിംങ്ങ് ശ്രദ്ധിച്ചത്. ടാറിംഗ് സംവിധാനത്തിലെ നൂതന വിദ്യ ഉപയോഗിച്ച ഈ കാഴ്ച നാട്ടുകാരിൽ ചർച്ചയായിട്ടുണ്ട്.





