Kerala
HomeNews

തിരുപ്പതി ഗോവിന്ദ രാജ സ്വാമി ക്ഷേത്രത്തിലെ മൂന്നു കിരീടങ്ങള്‍ മോഷണം പോയി

3 Feb 20191 മിനിറ്റ് വായന
തിരുപ്പതി ഗോവിന്ദ രാജ സ്വാമി ക്ഷേത്രത്തിലെ മൂന്നു കിരീടങ്ങള്‍ മോഷണം പോയി

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ഗോവിന്ദ രാജസ്വാമി ക്ഷേത്രത്തില്‍ മൂന്നു വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന കിരീടങ്ങള്‍ മോഷണം പോയി. ഗോവിന്ദ രാജ സ്വാമി, ഭൂദേവി, ശ്രീദേവി എന്നിവരുടെ വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന കിരീടങ്ങളാണ് കാണാതായത്.

മോഷ്ടാക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചതായും രണ്ട് സബ് ഡിവിഷണല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ആറു സംഘങ്ങളാണ് അന്വേഷണം നടത്തുന്നതെന്നും തിരുപ്പതി എസ്.പി കെ.കെ.എന്‍ അന്‍ബുരാജന്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് തിരുപ്പതി തിരുമല ദേവസ്വം അസി.എക്‌സിക്യുട്ടീവ് ഓഫീസര്‍ കോല ഭാസ്‌കര്‍ പറയുന്നു. വിവരം അപ്പോള്‍ തന്റെ ദേവസ്വം വിജിലന്‍സ് വിഭാഗം പോലീസിനെ അറിയിച്ചു.

വൈകിട്ട് നിവേദ്യം സമര്‍പ്പിച്ച ശേഷം ക്ഷേത്രത്തിന്റെ പ്രധാന കവാടം അടച്ചിരുന്നു. അരമണിക്കൂറിനു ശേഷം വാതില്‍ തുറന്നപ്പോള്‍ കിരീടങ്ങള്‍ കാണാതായിരുന്നുവെന്ന് ദേവസ്വം അറിയിച്ചു.

528 ഗ്രാമിന്റെ രണ്ട് കിരീടങ്ങളും 408 ഗ്രാമിന്റെ ഒരു കിരീടവുമാണ് നഷ്ടപ്പെട്ടത്. നിവേദ്യത്തിനു ശേഷം ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ ആരും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് മോഷണത്തിലുള്ള പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നും പോലീസ് പറയുന്നു.

ക്ഷേത്രത്തില്‍ മൂന്ന് പൂജാരിമാരാണ് ഷിഫ്ട് അനുസരിച്ച് ജോലി ചെയ്യുന്നത്. ആദ്യത്തെ ആള്‍ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങി അടുത്തയാള്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതും.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക