Kerala
HomeNews

വാഹനങ്ങളുടെ ശവപ്പറമ്പായി നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ

8 Feb 20191 മിനിറ്റ് വായന
വാഹനങ്ങളുടെ ശവപ്പറമ്പായി നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ

വാഹനങ്ങൾക്കിടയിൽ ഏറ്റവും പുതിയ വാഗൺ ആർ മുതൽ പഴയ ബജാജ് ചേതക്ക് സ്കൂട്ടർ വരെ

നെയ്യാറ്റിൻകര: തൊണ്ടിവാഹനങ്ങളുടെ ശവപ്പറമ്പാണ് ഇന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ. അഞ്ഞൂറിലേറെ ബൈക്കുകളും കാറും ഓട്ടോറിക്ഷകളും കൊണ്ട് നിറഞ്ഞുകിടക്കുകയാണ് പൊലീസ് സ്റ്റേഷന്റെ പിന്നാമ്പുറം. വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങൾ ആർ.ടി.ഒ പരിശോധനയ്ക്ക് ശേഷം ഫിറ്റനസ് സർട്ടിഫിക്കറ്റ് വാങ്ങി വിൽക്കാമെന്നിരിക്കെയാണ് നടപടികളുടെ നൂലാമാലകളുടെ പേരിൽ അധികൃതർ ഇതിനായി മിനക്കെടാൻ മടിക്കുന്നത്. അടുത്തിടെ പൊലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങളിൽ തീ കത്തി നശിച്ചതോടെ ഇവിടുത്തെ നാട്ടുകാരും ആശങ്കയിലാണ്. വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഇവിടം കാടും പടർപ്പുമേറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. വാഹനാപകടങ്ങളിൽപെടുന്നതും മറ്റ് അനധികൃത കടത്തുകൾക്ക് പിടിക്കപ്പെടുന്നതുമായ വാഹനങ്ങളുടെ കേസുകൾ ദീർഘകാലം നീളുന്നതിനാൽ ഇവയ്ക്ക് പെട്ടന്നൊരു മോചനവും സാദ്ധ്യമല്ല. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇവിടെ നിന്നും മോഷണം പോയിട്ടുള്ളതായും പരാതിയുണ്ട്.

ഉത്തരവ് വന്നിട്ടും

കോടതി അനുമതിയോടെ ഫിറ്റ്നസ് നേടി വില്കാനുള്ള അനുമതി അടുത്തിടെ അധികൃതർ നൽകിയെങ്കിലും അവ പ്രാവർത്തികമാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊണ്ടി മുതലായി പിടികൂടി സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങളുടെ ടയറും സ്പെയർപാർട്സുകളും മോഷണം പോകുന്നതും സൂക്ഷിപ്പുകാരായ പൊലീസുകാർക്ക് തലവേദനയായി മാറിയിരിക്കുകയാണ്. അഞ്ച് വർഷങ്ങൾക്ക് മുൻപ് വാഹനങ്ങൾ ലേലം ചെയ്യണമെന്ന ഉത്തരവ് വന്നപ്പോൾ വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമാണ് ലേലം ചെയ്തത്. പിന്നീട് അതും നിലച്ചു.

നിയമം വേണം

അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ ആർ.ടി.ഒ പരിശോധനക്ക് ശേഷം ഉടൻ തന്നെ ഉടമക്ക് തിരികെ നൽകുവാൻ നിമയമുണ്ടെങ്കിലും അനധികൃത കടത്തുകൾക്ക് പിടികൂടിയ വാഹനങ്ങൾ വിട്ടു നൽകാൻ നിയമമില്ലെന്ന് ആർ.ടി.ഒ അധികൃതർ പറയുന്നു. എന്നാൽ ഇവ എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്ന കോടതി അനുമതിയോടെ ഉടമക്ക് തിരികെ നൽകുവാനുള്ള നിയമ പരിഷ്കരണം വേണമെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥർ പറയുന്നു.

ലേലം ചെയ്യണം

പഴക്കം കുറഞ്ഞ വാഹനങ്ങൾ ലേലത്തിലെടുക്കാൻ നിശ്ചിത കാലാവധിക്ക് മുൻപുള്ള പഴയ വാഹനങ്ങൾ ലേലം ചെയ്തു നൽകുവാൻ പൊലീസ് അധികൃതർ തയാറാകണമെന്നാണ് മറ്റൊരു ആവശ്യം. ഇങ്ങനെയായാൽ സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കാനും വാഹനങ്ങൾ നശിക്കുന്നത് തടയുവാനുമാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക