കിളി പോയി; ട്വിറ്റർ ഇനി 'എക്സ്'; പേരും ലോഗോയും മാറ്റി
മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റർ ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കി, പകരം എക്സ് എന്ന ലോഗോ നൽകുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അർധരാത്രി മുതൽ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നാണ് അദ്ദേഹം ട്വിറ്റർ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
താമസിക്കാതെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോട് വിടപറയും, പതിയെ എല്ലാ പക്ഷികളോടും എന്നാണ് ട്വിറ്ററിന്റെ ബ്രാൻഡ് മാറ്റത്തെ കുറിച്ച് മസ്ക് കുറിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ലോഗോ എങ്ങനെ വേണെമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന കുറിപ്പോടെ മുമ്പ് ഒരു ലോഗോ അദ്ദേഹം പങ്കുവെച്ചിരുന്നു.
ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്പുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്പ് മറുപടി പറഞ്ഞത്. എന്നാൽ, ഞങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഈ നീല നിറമുള്ള പക്ഷിയെന്നും അതിനെ ഏത് മാർഗത്തിലൂടെയും സംരക്ഷിക്കുമെന്നും ട്വിറ്റർ വെബ്സൈറ്റ് അറിയിച്ചു. ഏറെ നാളായി മസ്ക് പരിഗണിക്കുന്ന ലോഗോയാണ് എക്സ് എന്നും അതാണ് ഇപ്പോൾ ട്വിറ്ററിന് നൽകുന്നതെന്നുമാണ് വിലയിരുത്തൽ.





