Kerala
HomeNews

ബാഴ്‌സയ്‌ക്കു കുരുക്ക്‌

7 Feb 20191 മിനിറ്റ് വായന
ബാഴ്‌സയ്‌ക്കു കുരുക്ക്‌

മാഡ്രിഡ്‌: സ്‌പാനിഷ്‌ കിങ്‌സ് കപ്പ്‌ ഫുട്‌ബോളിന്റെ ഒന്നാംപാദ സെമി ഫൈനലില്‍ ബാഴ്‌സലോണയും റയാല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ബാഴ്‌സയുടെ തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ 1-1 നായിരുന്നു മത്സരം അവസാനിച്ചത്‌.
സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗില്‍ മിന്നും ഫോമില്‍ കളിക്കുന്ന ബാഴ്‌സയെ ആറാം മിനിറ്റില്‍ ഞെട്ടിക്കാന്‍ റയാലിനായി. ഫ്രഞ്ച്‌ താരം കാരിം ബെന്‍സൈമ മറിച്ചു നല്‍കിയ പന്ത്‌ ലൂകാസ്‌ വാസ്‌ക്വസ്‌ പോസ്‌റ്റിലേക്കു വഴിതിരിച്ചപ്പോള്‍ സ്‌റ്റേഡിയം നിശബ്‌ദമായി. സൂപ്പര്‍ താരം ലയണല്‍ മെസിയെ ബാഴ്‌സ കോച്ച്‌ ഏണസ്‌റ്റോ വാല്‍വര്‍ദെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മെസിയുടെ അസാന്നിധ്യം ബാഴ്‌സയുടെ മുന്നേറ്റങ്ങളില്‍ പ്രകടമായി. കളിയുടെ 57 ശതമാനം സമയത്തും പന്ത്‌ ബാഴ്‌സ താരങ്ങളുടെ കാലിലായിരുന്നു. സമനില പിടിക്കാനുള്ള ബാഴ്‌സയുടെ തീവ്ര ശ്രമങ്ങള്‍ ഒന്നാം പകുതിയില്‍ വിഫലമായി.
റയാല്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസും പ്രതിരോധക്കാരും ഒന്നു കണ്ണടച്ചപ്പോഴാണു ബാഴ്‌സ തിരിച്ചടിച്ചത്‌. അതിന്‌ 57-ാം മിനിറ്റ്‌ വരെ കാത്തിരിക്കേണ്ടി വന്നു. ലൂയിസ്‌ സുവാരസ്‌ പോസ്‌റ്റിലേക്ക്‌ തൊടുത്ത കിടിലന്‍ ഷോട്ട്‌ പോസ്‌റ്റില്‍ റീബൗണ്ട്‌ കിട്ടിയത്‌ മാല്‍കമിന്റെ കാലിലേക്കായിരുന്നു. ബോക്‌സിനുള്ളില്‍ സ്വതന്ത്രനായി നിന്നിരുന്ന മാല്‍കം റയാല്‍ പ്രതിരോധകര്‍ക്കിടയിലൂടെ പന്ത്‌ കൃത്യമായി വലയിലെത്തിച്ചു. പന്ത്‌ വലയില്‍ കയറുമ്പോള്‍ കെയ്‌ലര്‍ നവാസ്‌ ചിത്രത്തിലില്ലായിരുന്നു. വലന്‍സിയയ്‌ക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ മെസി 64-ാം മിനിറ്റിലാണ്‌ കളത്തിലെത്തിയത്‌. രണ്ടാം പാദ സെമി 28 നു റയാലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടക്കും.
റയാല്‍ കോച്ച്‌ സാന്തിയാഗോ സോളാരി ഏഴു മാറ്റങ്ങളുമായാണു ബാഴ്‌സലോണയിലെത്തിയത്‌. ഡിപ്പോര്‍ട്ടീവോ ആല്‍വാസിനെതിരേ നടന്ന ലാ ലിഗ മത്സരത്തില്‍ ജയിച്ച ടീമിലെ സെര്‍ജിയോ റാമോസ്‌, ബെന്‍സൈമ, വിനിസിയദ്‌ ജൂനിയര്‍, ലൂകാ മോഡ്രിച്ച്‌ എന്നിവരെ മാത്രമാണു നിലനിര്‍ത്തിയത്‌. കഴിഞ്ഞ ലാ ലിഗ മത്സരത്തില്‍ വലന്‍സിയയോടു സമനില പിടിച്ച ടീമില്‍നിന്ന്‌ അഞ്ചു മാറ്റങ്ങളാണു വാല്‍വര്‍ദെ വരുത്തിയത്‌. മെസിക്കു പകരം മാല്‍കമാണു സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിച്ചത്‌.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക