Payangadi
HomeNews

പെണ്‍കുട്ടിയെ അപമാനിച്ചതിനെ ചോദ്യം ചെയ്ത മാടായി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

19 Jul 20191 മിനിറ്റ് വായന
പെണ്‍കുട്ടിയെ അപമാനിച്ചതിനെ ചോദ്യം ചെയ്ത മാടായി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

ബുധനാഴ്ച രാവിലെ മാടായി കോളേജിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനി എരിപുരം പോലീസ് സ്‌റ്റേഷന്‍ സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നതിനു മുന്‍പ് ബസ്സ് എടുക്കുകയും കുട്ടിയുടെ വസ്ത്രം ബസ്സില്‍ കുടുങ്ങുകയും കീറുകയും ചെയ്തിരുന്നു. ഇത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. എന്നാല്‍, ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരോടും കുട്ടിയോടും ബസ്സ് കണ്ടക്ടര്‍ മോശമായി പെരുമാറുകയുമാണുണ്ടായത്. 

ഇതിനെതിരെ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുകയും വ്യാഴാഴ്ച രാവിലെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ എസ്.എഫ്.ഐ മാടായി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാടായി കോളേജ് രണ്ടാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ മാടായി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ റമീസ് (20) നെ വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെ മാടായി പാറയില്‍ വെച്ച് ബൈക്കിലെത്തിയ സംഘം അടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ റമീസിനെ എരിപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം  വ്യാപകമാവുകയാണ്. സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. ബസ് സ്റ്റാന്‍ഡ് ഇന്റര്‍വ്യൂ, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കല്‍, മോശമായ പെരുമാറ്റം എന്നീ പ്രശ്‌നങ്ങള്‍ ദൈനംദിനമായി ഉയര്‍ന്നു വരികയാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബസ് ജീവനക്കാര്‍ നിരന്തരമായി അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക