Payangadi
സുൽത്താൻ കനാൽ നവീകരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം നാളെ (feb.21)..
20 Feb 20191 മിനിറ്റ് വായന

മാടായി പഞ്ചായത്തിലെ കുപ്പം പുഴയും പെരുമ്പ പുഴയിലെ മൂലക്കീൽ ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന സുൽത്താൻ കനാൽ നവീകരണത്തിനൊരുങ്ങുന്നു. നവീകരണ പ്രവൃത്തി 21-ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനംചെയ്യും. ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷതവഹിക്കും..
സർക്കാർ കനാൽ നവീകരണത്തിനായി 2.75 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ കൊറ്റി വരെ ബോട്ട് സർവീസ് നടത്തുന്നതിന് കുപ്പം പുഴയെയും പാലക്കോട് പുഴയെയും ബന്ധിപ്പിക്കുന്ന 3.85 കിലോമീറ്റർ നീളമുള്ള സുൽത്താൻ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കാണ് ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ അംഗീകാരം ലഭിച്ചത്..
മാലിന്യവും ചെളിമണലും അടിഞ്ഞുകൂടിയതിനാൽ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുകൾക്കും യാത്ര ചെയ്യുന്നതിന് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ അടിഞ്ഞുകൂടിയ ചെളി നീക്കംചെയ്യാൻ ഡ്രഡ്ജിങ് നടത്തും. കനാലിലേക്കുള്ള മണ്ണൊഴുക്ക് തടയുന്നതിന് ജിയോ ടെക്സ്റ്റയിൽ ഫിൽട്ടർ മീഡിയ ഉപയോഗിക്കും..
ഏരിപ്രം പാലം, വാടിക്കൽ പാലം, കോഴി ബസാർ പാലം എന്നിവിടങ്ങളിൽനിന്നും തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഇവിടങ്ങളിൽ മൂന്ന് മീറ്റർ ഉയരത്തിൽ നെറ്റ് വേലി സ്ഥാപിക്കും. മാലിന്യം വലിച്ചെറിയാൻ സാധ്യതയുള്ള മറ്റ് പ്രധാനകേന്ദ്രങ്ങളും നെറ്റ് വേലി സ്ഥാപിക്കും. സുൽത്താൻ കനാലിന്റെ കരയിലൂടെ നടക്കുന്നതിനായി തോടിന്റെ ഇരുവശങ്ങളിലും നടപ്പാത നിർമിക്കും..





