തലശേരിയിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് നിരവധി നഴ്സിംഗ് വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ; ഉറവിടം കണ്ടെത്താൻ അന്വേഷണവുമായി ആരോഗ്യ വകുപ്പ്

തലശേരിയിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് നിരവധി നഴ്സിംഗ് വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ; ഉറവിടം കണ്ടെത്താൻ അന്വേഷണവുമായി ആരോഗ്യ വകുപ്പ്
മണ്ണയാട് ,നമ്പ്യാർ പീടികക്കടുത്തുള്ള സഹകരണനേഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ അന്തേവാസികളായ നിരവധി വിദ്യാർത്ഥിനികളും, മേട്രനുമാണ് ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാഹചര്യം കണ്ടെത്തിയിട്ടില്ല. ആരോഗ്യ വകുപ്പ് കുടിവെള്ളമുൾപ്പടെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് നഴ്സിംഗ് വിദ്യാർത്ഥിനികൾ ചികിത്സക്കായി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിയത്. ഭക്ഷ്യ വിഷബാധയേറ്റ തെന്നാണ് സംശയം. ഹോസ്റ്റലിലെ മേട്രൺ ഉൾപ്പെടെ 23 പേരാണ് സഹകരണാശുപത്രിയിൽ ചികിൽസ തേടിയെത്തിയത്. മേട്രന് രണ്ട് ദിവസം മുമ്പേ അസ്വസ്ഥതയനുഭവപ്പെട്ടിരുന്നത്രെ.
ഇന്നലെയും ഇന്നുമായിട്ടാണ് 22 നേഴ്സിംഗ് വിദ്യാർത്ഥിനികളെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. മേട്രനെ അസുഖം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇന്നലെ ഉച്ചക്ക് സാമ്പാറും ചോറും കഴിച്ചതിനെ തുടർന്നാണത്രെ ചില വിദ്യാർത്ഥിനികൾക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. മറ്റു ചില വിദ്യാർത്ഥിനികൾ തലശ്ശേരിയിൽ നിന്നും പാനി പൂരിയും, ചെത്ത് ഐസും കഴിച്ചിരുന്നു. ഇവർക്കും തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ മേട്രൻ പുറത്ത് പോയി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഇതിനിടെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഹോസ്റ്റലും പരിസരവും പരിശോധിച്ചു. കുടിവെള്ളത്തിൻ്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്





