Kerala
HomeNews

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

27 Apr 20261 മിനിറ്റ് വായന
മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

 


തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷാണ് (29) മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ രാകേഷ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്‌ണൻ ഇന്നലെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

നാൽപ്പതോളം പേരുടെ സഹായത്തോടെ സതീശൻ ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ഏപ്രിൽ 21ആം തീയതി മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് നാടിനെ നടുക്കിയ ദുരന്തമായി മാറിയത്. വലിയ സ്‌ഫോടന ശബ്‌ദം കിലോമീറ്ററുകൾക്ക് അപ്പുറവും കേട്ടിരുന്നു. 500 മീറ്റർ അകലെവരെ ശരീര ഭാഗങ്ങൾ തെറിച്ചുവീണിരുന്നു.

അപകടത്തെ തുടർന്ന് ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്‌ചയ്‌ക്കകം അപകട കാരണം വ്യക്‌തമാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക