Kerala
HomeNews

വിഷ്‌ണു എവിടെ? കാണാതായിട്ട് ഒരാഴ്‌ച; ലോൺ ആപ്പ് ഭീഷണി ഉള്ളതായി കുടുംബം

19 Apr 20261 മിനിറ്റ് വായന
വിഷ്‌ണു എവിടെ? കാണാതായിട്ട് ഒരാഴ്‌ച; ലോൺ ആപ്പ് ഭീഷണി ഉള്ളതായി കുടുംബം

 


കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ കാണാതായിട്ട് ഒരാഴ്‌ച. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിഷ്‌ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.

വിഷ്‌ണുവിന് ഓൺലൈൻ ലോൺ ആപ്പുകാരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇതിന്റെ തെളിവുസഹിതം ഇന്നലെ കുടുംബം സൈബർ പോലീസിലും പരാതി നൽകിയിരുന്നു. ഇവ കേന്ദ്രീകരിച്ചാണ് അന്വേഷണം. 10,000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്‌ണു വായ്‌പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു.

ഇതോടെ മോർഫ് ചെയ്‌ത ചിത്രങ്ങളടക്കം കാണിച്ചു ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കാണാതാകുന്നതിന് തൊട്ടു മുൻപ് വന്ന ഫോൺകോളുകളിൽ വിഷ്‌ണു അസ്വസ്‌ഥനായിരുന്നു എന്നുമാണ് കുടുംബത്തിന്റെ പരാതി. വിഷ്‌ണുവിനെ കാണാതായിട്ട് ഇന്നേക്ക് ഏഴ് ദിവസമായി.

ബാങ്കിലേക്കെന്ന് പറഞ്ഞു കഴിഞ്ഞ തിങ്കളാഴ്‌ച വീട്ടിൽ നിന്നിറങ്ങിയ വിഷ്‌ണു പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ വടകര പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കാസർഗോഡാണ് വിഷ്‌ണുവിന്റെ അവസാന ടവർ ലൊക്കേഷൻ കാണിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക