Kerala
HomeNews

സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു; മൂന്ന് എംബിബിഎസ്‌ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

18 Mar 20261 മിനിറ്റ് വായന
സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു; മൂന്ന് എംബിബിഎസ്‌ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

 

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഇലക്‌ട്രിക്‌ സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു മൂന്ന് എംബിബിഎസ്‌ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി അബിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് നിയന്ത്രണംവിട്ട് സമീപത്തെ ഓവുചാലിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ 2.30ഓടെയാണ് സംഭവം. മൂന്നുപേരെയും പ്രദേശവാസികൾ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നുപേരും സംഭവ സ്‌ഥലത്ത്‌ വെച്ചുതന്നെ മരിച്ചതായാണ് രക്ഷാപ്രവർത്തണം നടത്തിയവരിൽ ചിലർ പറയുന്നത്. കൊയിലാണ്ടി പോലീസ് സ്‌ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമിത വേഗത്തിലെത്തിയ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പോലീസ് ഇവരുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക