Kerala
HomeNews

എടിഎമ്മിലെ യുപിഐ ഇടപാടുകള്‍ക്കും ഇനി പണം നല്‍കണം; പുതിയ നിയമവുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്

3 Mar 20261 മിനിറ്റ് വായന
എടിഎമ്മിലെ യുപിഐ ഇടപാടുകള്‍ക്കും ഇനി പണം നല്‍കണം; പുതിയ നിയമവുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്

 


എടിഎമ്മുകളില്‍ നിന്നുള്ള യുപിഐ അധിഷ്ഠിത പണം പിൻവലിക്കലുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ എച്ച്‌ഡിഎഫ്‌സി ബാങ്ക് തീരുമാനിച്ചു.ഇനി മുതല്‍ ഇത്തരം കാർഡ്‌ലെസ്സ് ഇടപാടുകളെയും ഉപഭോക്താക്കളുടെ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 2026 ഏപ്രില്‍ 1 മുതലാണ് പരിഷ്കരിച്ച ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ക്യുആർ കോഡ് സ്കാൻ ചെയ്ത് നടത്തുന്ന ഇത്തരം പിൻവലിക്കലുകള്‍ പ്രത്യേകമായാണ് കണക്കാക്കിയിരുന്നത്, എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഇവയും സാധാരണ എടിഎം ഇടപാടുകളുടെ എണ്ണത്തില്‍പ്പെടും.

ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഈ സൗജന്യ പരിധി കഴിഞ്ഞാല്‍, നടത്തുന്ന ഓരോ അധിക യുപിഐ പിൻവലിക്കലിനും 23 രൂപയും അതിനോടൊപ്പം നികുതിയും ഫീസായി ഉപഭോക്താവ് നല്‍കേണ്ടി വരും. നിലവിലെ ചട്ടപ്രകാരം എച്ച്‌ഡിഎഫ്‌സി ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് ഇടപാടുകള്‍ വരെ സൗജന്യമാണ്. മറ്റ് ബാങ്ക് എടിഎമ്മുകളെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ പ്രധാന ആറ് നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും ഇതര നഗരങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. ഇടപാട് നിരക്കുകളില്‍ സുതാര്യതയും ഏകീകരണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്ന് ബാങ്ക് വ്യക്തമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക