Kerala
HomeNews

ആലിൻ ഷെറിൻ നാല് കുരുന്നുകളിൽ ജീവിക്കും; മഹാദാനത്തിന് കുടുംബത്തിന് നന്ദി

14 Feb 20261 മിനിറ്റ് വായന
ആലിൻ ഷെറിൻ നാല് കുരുന്നുകളിൽ ജീവിക്കും; മഹാദാനത്തിന് കുടുംബത്തിന് നന്ദി


പത്തനംതിട്ട: മലയാളക്കരയുടെ നോവായി മാറിയ ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ് ഇനി നാല് കുരുന്നുകളിൽ ജീവിക്കും. കുഞ്ഞിന്റെ വൃക്കകൾ പത്തുവയസുകാരി ശ്രേയയ്‌ക്ക് പുതുജീവനേകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ശസ്‌ത്രക്രിയ നടന്നത്. പുലർച്ചെ നാലുമണിയോടെയാണ് ശസ്‌ത്രക്രിയ പൂർത്തിയായത്.

കിംസിൽ നടക്കുന്ന കരൾ മാറ്റ ശസ്‌ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ആറുമാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരൾ ലഭിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശികളുടെ മകളാണ്. ഇതോടെ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ചരിത്രത്തിന്റെ ഭാഗമായി.

ഇന്നലെ രാത്രി റോഡ് മാർഗമാണ് ആലിന്റെ അവയവങ്ങൾ എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. മൂന്നേകാൽ മണിക്കൂറുകൾ കൊണ്ടാണ് അവയവങ്ങൾ എത്തിച്ചത്. ഇൻക്വസ്‌റ്റ് നടപടികൾക്ക് പിന്നാലെ ആദരം അർപ്പിച്ച ശേഷമാണ് ഭൗതിക ശരീരം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറിയത്.

ഞായറാഴ്‌ച രാവിലെ മൃതദേഹം വീട്ടിൽ കൊണ്ടുവരും. അഞ്ചുമണിയോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിൽ സംസ്‌കാരം നടക്കും. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.

അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരിക്കേറ്റിരുന്നു. ആലിനെ ആറാം തീയതി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്‌ച മസ്‌തിഷ്‌ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. രാത്രിയിൽ ഹെലികോപ്‌ടർ യാത്ര പ്രയോഗികമല്ലാത്തതിനാൽ റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്.

🍰കൊച്ചിയിൽ നിന്ന് രാത്രി 7.10ന് പുറപ്പെട്ട് 10.32ന് കിംസ് ആശുപത്രിയിലെത്തി. ഹൃദയവാൽവ് ശ്രീചിത്രത്തിലേക്കാണ് ദാനം ചെയ്യുന്നത്. ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മല്ലപ്പള്ളിയിലും അക്ഷയകേന്ദ്രം നടത്തുകയാണ്. മാതാവ് ഷെറിൻ അധ്യാപികയാണ്. തങ്ങളുടെ പിഞ്ചോമന പോയാലും അവൾ നാല് കുരുന്നുകളിൽ ജീവിക്കുമല്ലോ എന്നാണ് ആലിന്റെ കുടുംബം പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക