മുളകുപൊടി വിതറി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച 26-കാരി പിടിയിൽ

കോഴിക്കോട്:കട്ടിപ്പാറയിൽ മുളകുപൊടിയുമായെത്തി അയൽ വീട്ടിൽ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വർണമാലപൊട്ടിച്ചോടിയ കേസിൽ യുവതി അറസ്റ്റിൽ.
ചമൽ പൂവൻമല വാണിയപുറായിൽ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ ചമൽ പൂവൻമല പുഷ്‌പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവന്റെ സ്വർണമാല പൊട്ടിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്‌ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിച്ചിരുന്ന പുഷ്‌പവല്ലി വീടിന്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. വരാന്തയിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെച്ചുമാണ് പ്രതി മോഷണം നടത്തിയത്.
കഴുത്തിലെ സ്വർണമാല കവരാൻശ്രമിക്കവെ പുഷ്‌പവല്ലി ബഹളംവെച്ചതുകേട്ട് സമീപവാസിയായ മറ്റൊരുയുവതി അവിടേക്ക് ഓടിയെത്തിയെങ്കിലും പ്രതി പുഷ്‌പവല്ലിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിക്കുകയും അടുക്കളവാതിൽ വഴി രക്ഷപ്പെട്ടിരുന്നു.
കവർച്ച ശ്രമത്തെ പ്രതിരോധിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റ പുഷ്‌പവല്ലി പിന്നീട് താമരശ്ശേരി ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത താമരശ്ശേരി പൊലീസ് പ്രതിയായ ആതിരയെ അറസ്റ്റ് ചെയ്യുകയായിരുന്നു.





