Kerala
HomeNews

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു; യുവതിയുടെ നില അതീവ ഗുരുതരം, പ്രതി കസ്റ്റഡിയിൽ

3 Nov 20251 മിനിറ്റ് വായന
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു; യുവതിയുടെ നില അതീവ ഗുരുതരം, പ്രതി കസ്റ്റഡിയിൽ


തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതി(19)യെ തള്ളിയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. റെയിൽവേ പൊലീസ് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. ഇയാൾ യുവതിയുടെ സഹയാത്രികനാണെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനിലുള്ളവർ തന്നെയാണ് പ്രതിയെ പിടികൂടിയത്.

യുവതിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തള്ളിയിട്ടതെന്നാണ് നിഗമനം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി കമ്പാർട്മെന്റിലുണ്ടായിരുന്നവരും വ്യക്തമാക്കിയിട്ടുണ്ട്. 20 ഓളം പേർ ജനറൽ കമ്പാർട്മെന്റിലുണ്ടായിരിക്കവേയാണ് സംഭവം. തള്ളിയിട്ടതിന് പിന്നാലെ ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില ഗുരുതരമാണ്. ട്രെയിനിൽ നിന്ന് വീണയുടൻ യുവതിയുടെ ബോധം നഷ്‌ടപ്പെട്ടിരുന്നു. അതീവ നിലയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിലവിൽ വർക്കല മിഷൻ ഹോസ്‌പിറ്റലിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ജീവൻ നിലനിർത്തുന്നത്. ആലുവയിൽ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. വർക്കലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്സ‌്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റ്റിൽ നിന്നാണ് യുവതിയെ തള്ളിയിട്ടത്. വർക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക