ശിവപ്രിയയുടെ മരണം: അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ല;അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിവരങ്ങൾ പുറത്ത്. മരിച്ച ശിവപ്രിയയ്ക്ക് അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്ന് പ്രാഥമിക നിഗമനം. ലേബർ റൂമിലും പ്രസവാനന്തര ശുശ്രൂഷ നൽകുന്ന സ്ഥലങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് വിദഗ്ധസമിതി ഇന്ന് സമർപ്പിക്കും.
റിപ്പോർട്ട് വന്നശേഷം തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭർത്താവ് മനു പ്രതികരിച്ചു. മെഡിക്കൽ കോളജിൽവച്ച് മരിച്ച ആർക്കാണ് നീതി ലഭിച്ചത്. അവസാനം ഡോക്ടർമാർക്ക് അനുകൂലമായാണ് എല്ലാ റിപ്പോർട്ടും വരാറുള്ളത്. വീട്ടിൽ നിന്ന് അണുബാധ ഉണ്ടായെന്നാണ് ആശുപത്രിയിലെത്തിയപ്പോൾ പറഞ്ഞത്. മരിച്ചപ്പോഴും അത് തന്നെ ആണ് പറഞ്ഞത്. ഇനിയും അങ്ങനെ തന്നെ പറയാനാണ് സാധ്യത. അന്വേഷണം നടത്തുന്നത് ഡോക്ടർമാർ തന്നെയല്ലേ. അവർ മറ്റ് ഡോക്ടർമാർക്ക് അനുകൂലമായല്ലേ റിപ്പോർട്ട് സമർപ്പിക്കൂവെന്നും മനു ചോദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അണുബാധയെ തുടർന്ന് ശിവപ്രിയ മരിച്ചത്.





