ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, 33 ലക്ഷം തട്ടിയത് നിയമ വിദ്യാർത്ഥി, ടെലഗ്രാമിലൂടെ നടന്നത് വൻ തട്ടിപ്പ്

സൈബർ കുറ്റകൃത്യത്തിലൂടെ 33 ലക്ഷം തട്ടിയെടുത്ത നിയമ വിദ്യാർഥി പിടിയിൽ. ബെംഗളുരുവുലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർഥിയായ മലപ്പുറം താനൂർ സ്വദേശിയായ താഹിർ (32)നെയാണ് വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം താനൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്തു.
ടെലഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്‌ത് പണം സമ്പാദിക്കാം എന്ന പരസ്യം നൽകി 2024 ഫെബ്രുവരിയിൽ വെള്ളമുണ്ട സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. പല ടാസ്കുകൾ നൽകി ലാഭം ലഭിച്ചതായി വ്യാജ ആപ്പുകളിലൂടെ കാണിച്ച് പരാതിക്കാരനെ വലിയ സംഖ്യ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു തട്ടിപ്പു സംഘം ചെയ്തത്. പിന്നീട് ലാഭവും മുതലും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഇവർ പണം ആവശ്യപ്പെടുകയാണുണ്ടായത്. തട്ടിപ്പാണെന്ന് മനസിലായ പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയ വയനാട് സൈബർ പോലീസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ താനൂർ സ്വദേശിയായ ഫഹദിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് താഹിറിനാണ് പണം കൈമാറ്റം ചെയ്‌തത് എന്ന് വ്യക്തമായത്. പോലീസ് അന്വേഷണം തനിക്കെതിരെയാണെന്ന് മനസിലാക്കിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. മറ്റൊരു കേസിൽ കഴിഞ്ഞ മാസം താനൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു.
താഹിറിൻ്റെ കാറിലുണ്ടായിരുന്ന 33 ഓളം എ ടി എം കാർഡുകൾ, പത്ത് ചെക്ക് ബുക്ക്, ബാങ്ക് പാസ്സ്ബുക്കുകൾ, നാല് മൊബൈൽ ഫോൺ എന്നിവ താനൂർ പോലീസ് പിടിച്ചെടുത്തു. എസ് ഐ ജലീൽ, എ എസ് ഐ ഹാരിസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷൈജൽ, മുഹമ്മദ് അനീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





