'അമ്മ പൊള്ളിച്ചിട്ട് സ്വകാര്യഭാഗത്തെ തൊലി പോയി' ! നടുക്കി നാലുവയസുകാരിയുടെ മൊഴി

കൊച്ചി മരടിൽ അമ്മയിൽ നിന്ന് നാലുവയസുകാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം. പെൺകുഞ്ഞിൻറെ സ്വകാര്യഭാഗങ്ങളിലടക്കം ചട്ടുകം പഴുപ്പിച്ച് വച്ചിരുന്നു.പൊള്ളലേറ്റ് സ്വകാര്യഭാഗത്തെ തൊലിയാകെ പോയെന്നും പൊലീസ് പറയുന്നു.
സ്കൂൾ അധികൃതരോടാണ് കുട്ടി താൻ നേരിടുന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞത്. ഇതോടെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റിരുന്ന കുഞ്ഞിനെ സ്കൂൾ അധികൃതർ വിവരമറിഞ്ഞയുടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മതിയായ ചികിൽസ നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പമാണ് കുഞ്ഞിനെ വിട്ടയച്ചത്.
നാലുവയസുകാരിയെ മുൻപും അമ്മ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ കുട്ടിയുടെ മൂത്ത കുട്ടിയെയും യുവതി കടുത്ത ശാരീരിക പീഡനത്തിന് വിധേയമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനുസരണക്കേട് കാണിക്കുമ്പോൾ ചെയ്‌തതാണെന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാട്ടിത്തറയിൽ താമസിക്കുന്ന ഇവർ കൊടുങ്ങല്ലൂർ സ്വദേശിയാണ്.





