Kerala
HomeNews

ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം: ഇൻഷൂറൻസ് കമ്പനി 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

18 Nov 20251 മിനിറ്റ് വായന
ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം: ഇൻഷൂറൻസ് കമ്പനി 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി


വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകും. ഇൻഷൂറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വടകര എംഎസിടി കോടതി ഉത്തരവിട്ടു. 1.15 കോടി രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണായകമായത്.


ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. പിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇൻഷുറൻസ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുന്ന ദൃഷാനയുടെ തുടർചികിത്സയ്ക്ക് മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചിട്ട് നിർത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിലായ ദൃഷാന കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ചികിത്സയിലിരുന്നത്. പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക