മദ്യലഹരിയിൽ ഭാര്യയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും പിതാവിന്റെ മർദ്ദനം; 4 വർഷമായി അനുഭവിക്കുന്ന ക്രൂരത

തിരുവനന്തപുരം: മദ്യലഹരിയിൽ മകനെ നിരന്തരം മർദ്ദിച്ച് പിതാവ്. തിരുവനന്തപുരം പാറശാലയിലെ കൊല്ലയിൽ പഞ്ചായത്തിലെ പശുക്കോട്ട് കോണത്താണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയെയാണ് പിതാവ് പ്രവീൺ നിരന്തരം മർദിച്ചത്. ഭാര്യയെയും നിരന്തരമായി മർദ്ദിക്കാറുണ്ട്. മർദ്ദന ദൃശ്യങ്ങൾ ലഭിച്ചു.
കഴിഞ്ഞ നാലവർഷമായി മർദ്ദനം തുടരുന്നുവെന്ന് പ്രവീണിൻ്റെ ഭാര്യ ശാന്തികൃഷ്ണൻ പറയുന്നു. പ്രവീണിനെതിരെ നേരത്തെ പരാതി നൽകിയിട്ടും മാരായമുട്ടം പൊലീസ് നടപടി എടുത്തില്ലെന്ന് ഭാര്യ ആരോപിച്ചു. മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് റിപ്പോർട്ടറിനെ സമീപിച്ചതെന്നും ശാന്തികൃഷ്ണ പറഞ്ഞു.
'വിവാഹം കഴിഞ്ഞിട്ട് 16 വർഷമായി. ഒരു മകളും ഉണ്ട്. വർഷങ്ങളായി സഹിക്കുന്നു. മദ്യപിക്കാത്തപ്പോൾ മകനോട് സ്നേഹമാണ്. ക്രൂരമായി മർദിക്കും. മകന് പുറത്ത് പറയാൻ താൽപര്യമില്ല. അതുകൊണ്ടാണ് ഞാൻ മുന്നിട്ടിറങ്ങിയത്. കണ്ണ് ഓപ്പറേഷൻ ചെയ്തിരിക്കുന്ന അമ്മയെ കണ്ണിലടിച്ചു. മിക്കവരും ഭർത്താവിനാണ് പിന്തുണ നൽകുന്നത്', ശാന്തി പറഞ്ഞു.
ഗതികേട് കൊണ്ടാണ് ഇപ്പോൾ പുറത്ത് പറയുന്നതെന്ന് ശാന്തി കൂട്ടിച്ചേർത്തു. മകനെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് മർദ്ദന വിവരം പുറത്ത് പറയുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. അമ്മയെ മർദ്ദിക്കുമ്പോൾ ഇടപെട്ടതിനാണ് തന്നെ മർദിക്കുന്നതെന്ന് മകനും പറഞ്ഞു.





