കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമുൾപ്പെടെ പരിശോധന; ദില്ലി സ്ഫോടനം, കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി

തിരുവനന്തപുരം: ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താൻ നിർദേശം നൽകി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം, റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശം നൽകി.





