Kerala
HomeNews

വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം: ചാക്കു കൊണ്ട് മൂടിയ നിലയിൽ, അരികിൽ കിടന്നുറങ്ങി വീട്ടുടമസ്‌ഥൻ; ദുരൂഹത

22 Nov 20252 മിനിറ്റ് വായന
വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം: ചാക്കു കൊണ്ട് മൂടിയ നിലയിൽ, അരികിൽ കിടന്നുറങ്ങി വീട്ടുടമസ്‌ഥൻ; ദുരൂഹത

 




കൊച്ചി കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തി. ജോർജ് എന്ന വ്യക്തിയുടെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്‌ഥലത്തെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനംപള്ളി നഗറിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള സ്‌ഥലമാണ് കോന്തുരുത്തി. ഹരിതകർമ സേനാംഗങ്ങൾ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ജോർജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വെളുപ്പിനെ ആറരയോടെ മാലിന്യശേഖരണത്തിന് എത്തിയ ഹരിതകർമ സേനയിൽപ്പെട്ട സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. സമീപം ജോർജ് മതിലിൽ ചാരിയിരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു. തന്നെ ഒന്ന് പിടിച്ച് എഴുന്നേൽപ്പിക്കാമോയെന്ന് ജോർജ് ചോദിച്ചെന്നാണ് ഹരിത കർമസേനാംഗം പറയുന്നത്. അവർ ഉടൻ തന്നെ കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ജോർജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ജോർജിൻ്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

വെളുപ്പിനെ നാലരയോടെ ജോർജ് ചാക്ക് അന്വേഷിച്ച് അയൽവീടുകളിൽ ചെന്നിരുന്നു. നായ ചത്തു കിടപ്പുണ്ടെന്നും ഇതിനെ മൂടാനാണ് എന്നുമാണ് ജോർജ് പറഞ്ഞത്. എന്നാൽ ഇവിടെ നിന്ന് ചാക്കു കിട്ടിയില്ല. തുടർന്ന് സമീപത്തെ ഒരു കടയിലെത്തി അവിടെ നിന്ന് രണ്ടു ചാക്ക് ശേഖരിച്ചു. ഇതാണ് മൃതദേഹം മൂടാനായി ഉപയോഗിച്ചത് എന്നാണ് കരുതുന്നത്.

സ്ത്രീ മലയാളിയല്ലെന്നും മുൻപ് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ജോർജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കൾ സ്ഥലത്തില്ല. വെളുപ്പിന് ഒച്ചകേട്ടതായി വാടകയ്ക്കു താമസിക്കുന്ന ആൾ പറഞ്ഞു"-നാട്ടുകാരിലൊരാൾ പറഞ്ഞു.

"ജോർജിൻ്റെ വീട്ടിൽനിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയുടെ ശബ്ദമാണെന്നാണ് കരുതിയത്. അതിനാൽ പുറത്തിറങ്ങിയില്ല'-ജോർജിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അതിഥി തൊഴിലാളി പറഞ്ഞു.


“ഹരിതകർമസേനാംഗങ്ങൾ അറിയിച്ചത് അനുസരിച്ച് സ്‌ഥലത്ത് എത്തിയപ്പോൾ മൃതദേഹം ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം നഗ്നമായിരുന്നു. അടുത്ത് ജോർജ് ഇരിക്കുന്നുണ്ടായിരുന്നു. ഗേറ്റ് അടച്ചശേഷം പൊലീസിനെ അറിയിച്ചു. ജോർജ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മരിച്ചയാൾ ഈ പ്രദേശവാസിയല്ല. ''-കൗൺസിലർ പറഞ്ഞു.

പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോർജിന്റെ മകൻ യു.കെയിൽ ജോലി ചെയ്യുകയാണ്. മകളുടെ കുഞ്ഞിന്റെ പിറന്നാളിന് ഭാര്യ അവിടേക്ക് പോയിരുന്നതിനാൽ ഏതാനും ദിവസമായി ജോർജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ജോർജിന്റെ വീടിന്റെ ഒരു ഭാഗത്ത് ഫ്ലാറ്റും റോഡിന്റെ എതിർ ഭാഗത്ത് ഹോസ്റ്റലുമാണ്. ഈ ഹോസ്‌റ്റലിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക