12-കാരന് ക്രൂരമർദ്ദനം,അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

കൊച്ചി :അമ്മ ആൺസുഹൃത്തിനൊപ്പം കിടക്കുന്നത് എതിർത്ത മകന് ക്രൂരമർദനം. കൊച്ചിയിലാണ് സംഭവം. ആൺസുഹൃത്തിൻ്റെയും അമ്മയുടേയും മർദനമേറ്റ 12കാരൻ ആശുപത്രിയിൽ ചികിത്സ തേടി. മകൻ്റെ പരാതിയിൽ കേസെടുത്ത എളമക്കര പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്‌തു.
വേർപിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കൾക്കൊപ്പം ഇടക്കിടെ മാറിമാറിയാണ് കുട്ടി താമസിക്കാറുളളത്. നേരത്തേ അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടി കുറച്ചു കാലമായി അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. എന്നാൽ അടുത്ത കാലത്താണ് അമ്മയുടെ ആൺസുഹൃത്ത് വീട്ടിലെത്തുന്നത്. എന്നാൽ ഇയാൾ വീട്ടിൽ വരുന്നത് ഇഷ്ടമല്ലാതിരുന്ന കുട്ടി പലതവണയായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് ആൺസുഹൃത്തും പിന്നാലെ അമ്മയും കുട്ടിയെ മർദിക്കുകയും ദേഹത്താകെ മാന്തിപ്പൊളിക്കുകയുമായിരുന്നു. കുഞ്ഞ് ഇപ്പോൾ പിതാവിൻ്റെ സംരക്ഷണത്തിലാണ കഴിയുന്നത്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനൽ അവതാരകയുമാണ് അമ്മ. ആൺസുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവർത്തകനാണ്.
ഏഴാംക്ലാസ് വിദ്യാർഥിയായ കുട്ടി പറയുന്നത് ഇതാണ്- 'താനെന്നും അമ്മയുടെ ഒപ്പമാണ് കിടക്കുന്നത്, ആ ചേട്ടൻ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു, ഒരാഴ്‌ച മുൻപ് ഒന്നിച്ചു താമസിക്കാൻ തുടങ്ങി, എനിക്കത് ഇഷ്ടപ്പെട്ടില്ല, ആദ്യം ഞാനൊന്നും പറഞ്ഞില്ല, കഴിഞ്ഞ ദിവസം അവർക്ക് ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയിൽ കയറി. ഞാൻ അവരുടെ നടുവിൽ കയറിക്കിടന്നു, ചേട്ടനോട് മാറാൻ പറഞ്ഞപ്പോൾ തയ്യാറായില്ല, അവരെ തൊട്ടാൽ എന്നെ അടിക്കുമെന്ന് പറഞ്ഞു, ഞാൻ അവിടെത്തന്നെ കിടന്നു, അമ്മയെ പിടിച്ച് അടുത്ത മുറിയിൽ കിടക്കാമെന്ന് പറഞ്ഞു, അപ്പോൾ ആ ചേട്ടന് ദേഷ്യം വന്നു, അയാൾ തൻ്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ബാത്‌റൂമിൻ്റെ ഡോറിൽ ചേർത്തുനിർത്തി മർദിച്ചു, ഇതെല്ലാം കണ്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ല, എന്നെ ചവിട്ടി താഴെയിട്ടു, എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലെന്നും കുട്ടി പറയുന്നു.
തുടർന്ന് അമ്മ തൻ്റെ നെഞ്ചിൽ മാന്തി മുറിവേൽപ്പിച്ചെന്നും കുട്ടി പറയുന്നു. വയറിനു മുകളിലായി ആഴത്തിൽ നഖക്ഷതമേറ്റ പാടുകളുമുണ്ട്, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് അച്ഛൻ്റെ സംരക്ഷണത്തിൽ വിടുകയായിരുന്നു.





