'ശരീര ഭാഗങ്ങളിൽ ഈച്ചയരിച്ചു തുടങ്ങിയിരുന്നു....ആരോ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നുവെന്ന്..', വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ

കൽപറ്റ: തൊണ്ടയിൽ എല്ലിൻ കഷണം കുടുങ്ങി പ്രാണനോട് മല്ലിട്ട തെരുവ്നായയും രക്ഷകയായെത്തിയ നസീറ എന്ന വീട്ടമ്മയേയും അത്ര പെട്ടെന്ന് മലയാളി മറക്കില്ല. ഉറവവറ്റാത്ത കാരുണ്യത്തിന്റെ കഥ അത്രയേറെ നമ്മൾ ആഘോഷിച്ചതാണ്. ആഴ്ചകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആ 'വൈറൽനായ' മടങ്ങിയെന്ന ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്.
'ആരോ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നുവെന്ന്..' സുബൈർ. പി.എം എന്നയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് മനുഷ്യന്റെ കരുണയും ക്രൂരതയും കണ്ടനുഭവിച്ച നായയുടെ വാർത്ത പുറത്തു വരുന്നത്.
"പിണങ്ങോട് ലക്ഷം വീട് അംഗൻവാടിക്ക് സമീപം നാല് ദിവസം മരണത്തോട് മല്ലിട്ട് കിടന്നു ഈ പാവം... സുബൈർക്കാ.. നിങ്ങളുടെ നായയുണ്ടിവിടെ വിഷം കഴിച്ചു ചാവാൻ കിടക്കുന്നു,എന്ന് മേപ്പാടി മകളുടെ വീട്ടിൽ പോയിരുന്ന എന്നെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു, അയച്ചു തന്ന വീഡിയോ യിൽ കാലും കൺ പോളകളും ചെറുതായ് അനക്കുന്നുണ്ടെങ്കിലും,ശരീര ഭാഗങ്ങളിൽ ഈച്ചയരിച്ചു തുടങ്ങിയിരുന്നു.
എന്നിട്ടും ജീവൻ പോകാതെ ആ തെരുവ് നായ ഒരിക്കൽ കൂടെ നസീറാത്തയെ കാണാൻ എന്നോണം കണ്ണ് തുറന്ന് തന്നെ കിടന്നു.... ഒരാഴ്ച്ച കഴിഞ്ഞ് ഇന്ന് ഞാനും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയാണ്,മനുഷ്യന്റെ കരുണയും ക്രൂരതയും കണ്ടനുഭവിച്ച ആ വൈറൽ തെരുവ് നായയെ ഇന്ന് മണ്ണിനടിയിലാക്കിയത്. അപ്പോഴും, ആ മിണ്ടാപ്രാണി കണ്ണടച്ചിരുന്നില്ല.."-സുബൈർ കുറിച്ചു.





