സ്കൂൾ ബസ് ഫീസ് അടക്കാൻ വൈകി, യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ചു; പ്രധാനാധ്യാപികയുടെ ക്രൂരതയ്ക്കെതിരെ പരാതി

മലപ്പുറം:ചേലേമ്പ്ര എഎൽപി സ്കൂളിൽ ബസിൻ്റെ ഫീസ് അടക്കാൻ വൈകിയതിന് യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി. സ്കൂളിലേക്കായി ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ ഉപേക്ഷിച്ച് സ്കൂൾ ബസ് പോവുകയും ചെയ്‌തായാണ് ആരോപണം.
മറ്റു വിദ്യാർത്ഥികൾ ബസിൽ കയറി പോയതോടെ അഞ്ചു വയസുകാരൻ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആയിരം രൂപ ഫീസ് അടയ്ക്കാൻ വൈകിയതിനാണ് കുട്ടിക്കെതിരേ പ്രധാനാധ്യാപികയുടെ പ്രാകൃത നടപടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസിലും കുടുംബം പരാതി നൽകി.
തിങ്കളാഴ്ചയാണ് പതിവുപോലെ ബസ് കാത്തുനിന്ന കുട്ടിയോട് പൈസ തരാത്തതിനാൽ ബസിൽ കയറേണ്ടത് അറിയിച്ചത്. പണം തരാത്തതിനാൽ ബസിൽ കയറ്റേണ്ടന്ന് സ്‌കൂൾ ബസ് ഡ്രൈവറോട് പ്രധാനാധ്യാപിക പറഞ്ഞിരുന്നു.
കരഞ്ഞുകൊണ്ട് കുട്ടി വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് അയൽവാസികളാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. സ്‌കൂൾ അധികൃതരും പിടിഎ അംഗങ്ങളും പിന്നീട് വീട്ടിൽ എത്തി കുടുംബത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. കുട്ടിയ്ക്ക് മാനസിക പ്രയാസം ഉണ്ടായതിനാൽ ഇനി ആ സ്കൂളിൽ കുട്ടിയെ വിടേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനം.





