Kerala
HomeNews

ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസ്

1 Oct 20251 മിനിറ്റ് വായന
ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസ്


കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. നവീകരണം നടന്നുവരികയായിരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.


സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്‌ടറോട് വിശദീകരണം തേടുകയും ചെയ്തു. കട്ടപ്പന പാറക്കടവ് ഭാഗത്ത് ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി ആദ്യം ഇറങ്ങിയ ആൾ കുഴഞ്ഞുവീണതോടെ ഇയാളെ രക്ഷിക്കുന്നതിനായി മറ്റ് രണ്ടുപേരും ഇറങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ മൂന്ന് പേരും ഓടയ്ക്കകത്ത് കുടുങ്ങി. തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനേയും അഗ്നിശമന വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. രാത്രിയോടെ തന്നെ മൂവരെയും പുറത്തെത്തിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രി 12.30ഓടെ മൂവരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക