Kerala
HomeNews

വയോധികയുടെ മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി; അസം സ്വദേശിയായ പ്രതിക്ക് ഗുരുതര പരുക്ക്

12 Oct 20251 മിനിറ്റ് വായന
വയോധികയുടെ മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി; അസം സ്വദേശിയായ പ്രതിക്ക് ഗുരുതര പരുക്ക്


പാലക്കാട്:വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. അസം കൊക്രാജർ ജില്ലയിലെ ഫാക്കിരാഗ്രാം സ്വദേശി റഫീക്കുൽ റഹ്മാനാണ് (31) പരുക്കേറ്റത്. മംഗലാപുരം-ചെന്നൈ എഗ്മാർ എക്സ‌്പ്രസ്സിൽ നിന്നാണ് ഇയാൾ ചാടിയത്. മലപ്പുറത്തെ ഒരു ക്വാറിയിൽ ജീവനക്കാരനാണ് പ്രതി. റെയിൽവേ പോലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കഞ്ചിക്കോടിനും വാളയാറിനുമിടയിൽ ട്രെയിൻ എത്തിയതോടെയായിരുന്നു സംഭവം. തലശ്ശേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പർ കമ്പാർട്ട്മെന്റിൽ യാത്രചെയ്യുകയായിരുന്ന മൂന്നു സ്ത്രീകളിൽ ഒരാളുടെ മാലയാണ് യുവാവ് പൊട്ടിച്ചത്. സ്ത്രീകൾ ബഹളം വെച്ചതോടെ പ്രതി ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. മാലയിൽ പകുതി മാത്രമാണ് പ്രതിക്ക് കൈയിൽ കിട്ടിയത്.


സംഭവം കണ്ട യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. തുടർന്ന്, റെയിൽവേ പോലീസെത്തിയപ്പോഴാണ് പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് നാലോടെയാണ് പ്രതിയെ ചുള്ളിമടയ്ക്കു സമീപം കാടിനോട് ചേർന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.


തലയ്ക്കും ഇടതുകൈയ്ക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. നിലവിൽ പോലീസിന്റെ കാവലിലാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മലപ്പുറത്തെ ഒരു ക്വാറിയിൽ ജീവനക്കാരനാണ് റഫീക്കുൽ റഹ്മാൻ.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക