ഹെർണിയ ഓപ്പറേഷനിടെ രോഗിക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ആശുപത്രിയിലെ തൃശൂരിൽ ചികിത്സക്കിടെ യുവാവ് മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ യുവാവ് മരിച്ചത്. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കളെത്തി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്.
ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് മരണം. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് ഇല്യാസിന് ജീവൻ നഷ്ടമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. അനസ്തേഷ്യയിലെ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി. ആശുപത്രിയിൽ രാത്രി വൈകിയും പ്രതിഷേധം തുടർന്നു.ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കൾ അറിയിച്ചു.
ഇന്നലെ വൈകിട്ട് 4.30ഓടെയാണ് ചികിത്സക്കായി ഇല്യാസ് ആശുപത്രിയിലെത്തുന്നത് എത്തുന്നത്. തുടർന്ന് ഹെർണിയ അസുഖത്തിന് അടിയന്തര ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു. രാത്രി എട്ടരോടെയാണ് ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചതായി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്. തുടർന്നാണ് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓപ്പറേഷനിടെ ശ്വാസം എടുക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്തേഷ്യ നൽകിയതിൽ അപാകതയുണ്ടായെന്നും കയ്യബദ്ധം സംഭവിച്ചുവെന്നും ഡോക്‌ടർമാർ തങ്ങളോട് പറഞ്ഞുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.





