ദേശീയപാത 66 ഉദ്ഘാടനം ജനുവരിയിൽ; മുഴുവൻ റീച്ചുകളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി റിയാസ്

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതാ 66ന്റെ ഉദ്ഘാടനം ജനുവരിയിൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഴുവൻ റീച്ചുകളും സമയബന്ധിതമായി പൂർത്തിയാക്കും. ദേശീയപാത നിർമാണ പ്രവർത്തി 450 കിലോമീറ്ററിലധികം പൂർത്തിയായി. 16 റീച്ചുകളാണ് സംസ്ഥാനത്തുള്ളത്. പൂർത്തീകരിക്കപ്പെട്ട റീച്ചുകൾ ജനുവരിയിൽ കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിൽ നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയപാത നിർമാണം ചിലയിടങ്ങളിൽ കരാറുകാരുടെ അനാസ്ഥകാരണം പ്രവർത്തി വേഗതയിൽ പോകുന്നില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇത്തരം കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയും കേന്ദ്രസർക്കാരും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ കഴിഞ്ഞ തവണത്തെ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബറിൽതന്നെ മുഴുവൻ റീച്ചുകളും പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനായി അദ്ദേഹം തന്നെ മുൻകൈയെടുത്ത് മുഴുവൻ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ഉടൻ നടത്തും.
ദേശീയപാത വികസനത്തിൽ കേരള സർക്കാർ എടുക്കുന്ന പ്രത്യേക താൽപര്യം കണക്കിലെടുത്ത് സ്ഥലം ഏറ്റെടുപ്പിൻറെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിത്തളളുമെന്ന് ഗഡ്‌കരി കൂടിക്കാഴ്‌ചയിൽ അറിയിച്ചു.
പാലക്കാട് -കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയിൽ നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.





