വിവാഹവേദിയിൽ നിന്ന് രജിസ്ട്രേഷൻ, തത്സമയം സർട്ടിഫിക്കറ്റ്

പാലക്കാട്: ഓഫീസിൽ കയറിയിറങ്ങിയില്ല, ദിവസങ്ങളുടെ കാത്തിരിപ്പില്ല, വിവാഹ വേദിയിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ്. ഇത് അമേരിക്കയിലെ കഥയല്ല, ഇങ്ങ് കാവശേരിയിൽ. കെ- സ്‌മാർട്ടിലൂടെ വിവാഹം രജിസ്റ്റർ ചെയ്‌ത് ലാവണ്യയ്ക്കും വിഷ്ണുവിനുമാണ് മിനിറ്റുകൾക്കകം വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത്. മന്ത്രി എം ബി രാജേഷാണ് കെ സ്‌മാർട്ടിൻ്റെ ഡിജിറ്റൽ വിപ്ലവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്‌തതോടെയാണ് വിവാഹ ദിവസം തന്നെ സർട്ടിഫിക്കറ്റ് ദമ്പതികൾക്ക് ലഭിച്ചത്. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിൻ്റ് ചെയ്‌ത സർട്ടിഫിക്കറ്റും കൈമാറുകയായിരുന്നു. കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെവൈസി വഴിയാണ് ചെയ്‌തതെന്ന് മന്ത്രി പറഞ്ഞു.





