പൊതുവിടങ്ങളിൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസ്; എന്താണ് 'ജ്യൂസ് ജാക്കിങ്'?

തിരുവനന്തപുരം: പൊതുവിടങ്ങളിൽ നിന്ന് മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിപ്പുമായി കേരള പൊലീസ്. 'ജ്യൂസ് ജാക്കിങ്' എന്ന പേരിലാണ് ഈ സൈബർ തട്ടിപ്പ് അറിയപ്പെടുന്നത്. പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം എന്നാണ് പൊലീസ് മീഡിയ സെന്റർ മുന്നറിയിപ്പ് നൽകുന്നത്.
ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും
പൊതു മൊബൈൽ ചാർജിങ് പോയന്റുകൾ (മാളുകൾ, റെസ്റ്റോറൻ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ/ട്രെയിനുകൾ) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷിക്കുന്ന സൈബർ തട്ടിപ്പാണ് 'ജ്യൂസ് ജാക്കിങ്'.
സാധാരണ ചാർജിങ് കേബിൾ പോലെ തോന്നിക്കുന്ന 'മാൽവെയർ കേബിളുകൾ' ഉപയോഗിച്ചാണ് പൊതു ചാർജിങ് പോയന്റുകളിൽ സൈബർ കുറ്റവാളികൾ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളിൽ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങൾ, ഫോട്ടോകൾ, കോൺടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകൾ തട്ടിപ്പുകാർ കൈക്കലാക്കുന്നു.
ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ.
- പൊതു ഇടങ്ങളിൽ ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക.
- പവർ ബാങ്ക് ഉപയോഗിക്കുക
- യുഎസ്ബി ഡേറ്റ ബ്ലോക്കർ ഉപയോഗിക്കുക. കൂടാതെ പൊതുഇടങ്ങളിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ പാറ്റേൺ ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക.
പൊതുജനങ്ങളിൽ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാൻമാരല്ല. അതിനാൽ, പൊതു ചാർജിങ് പോയന്റുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രതയും ശ്രദ്ധയും പുലർത്തുക





