Kerala
HomeNews

ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം മറച്ചുവെച്ചു, ദത്തുപുത്രിയുടെ പെരുമാറ്റം അംഗീകരിക്കാനാകുന്നില്ല; ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി

9 Oct 20251 മിനിറ്റ് വായന
ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം മറച്ചുവെച്ചു, ദത്തുപുത്രിയുടെ പെരുമാറ്റം അംഗീകരിക്കാനാകുന്നില്ല; ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി


കൊച്ചി:ദത്തുപുത്രിയുടെ പെരുമാറ്റരീതികൾ അംഗീകരിക്കാനാകാത്തതിനാൽ ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു. നാലു വർഷത്തോളമായി തൻ്റെ ഒപ്പം ജീവിക്കുന്ന 13- കാരിയെ ദത്ത് റദ്ദാക്കി മടക്കി അയക്കണമെന്നാണ് ഹർജിയിലെ ആവശ്യം.


ഹർജി പരിഗണിച്ച ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഹർജിക്കാരിയോടും കുട്ടിയോടും സംസാരിച്ച് റിപ്പോർട്ട് നൽകാൻ വിക്ട‌ിം റൈറ്റ്സ് സെന്ററിൻ്റെ ചുമതലയുള്ള അഭിഭാഷകയെ ചുമതലപ്പെടുത്തി. ഇരുവരുമായി സംസാരിച്ച അവർ ദത്ത് റദ്ദാക്കുന്നതാണ് അഭികാമ്യം എന്ന് റിപ്പോർട്ട് നൽകി. ഇത്തരം അവസ്ഥകൾ ഇനിയും ഉണ്ടാകുന്നത് ഒഴിവാക്കാൻ ദത്ത് നൽകുന്ന നിയമത്തിലടക്കം മാറ്റം വേണമെന്ന നിർദേശങ്ങളും ഉൾപ്പെടുത്തി.


വിഷയം ഹൈക്കോടതി ഒക്ടോബർ 22- ന് വീണ്ടും പരിഗണിക്കും. 2021-ൽ ഒൻപത് വയസ്സുള്ളപ്പോഴാണ് ഡൽഹിയിൽ നിന്ന് ഹർജിക്കാരി കുട്ടിയെ നിയമപരമായി ദത്തെടുത്തത്. അവിവാഹിതയാണ് ഹർജിക്കാരി. കുട്ടി ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. അസ്വാഭാവികമായി പെരുമാറുന്നു, ദേഷ്യപ്പെടുന്നു, പണം മോഷ്‌ടിക്കുന്നു തുടങ്ങിയ പരാതികളാണ് ഉന്നയിക്കുന്നത്.


കുട്ടി നേരത്തേ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം അധികൃതർ മറച്ചുവെച്ചുവെന്നും പരാതിയുണ്ട്. കൗൺസിലിങ് അടക്കം നൽകിയെങ്കിലും പെരുമാറ്റത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെന്നും ഹർജിക്കാരി പറയുന്നു. വിക്ടിം റൈറ്റ്സ് സെന്റർ നൽകിയ റിപ്പോർട്ടിൽ ഹർജിക്കാരി ഒരു കുട്ടിയെ എടുത്തുവളർത്താൻ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും ദത്ത് റദ്ദാക്കുന്നതാണ് ഉചിതമെന്നുമാണ് അറിയിച്ചത്.

കുട്ടി വൈകാരികമായ ഒട്ടേറെ പ്രശ്ന‌ങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും വിശദീകരിച്ചു. തുടർന്നാണ് ദത്ത് നൽകുന്ന കാര്യത്തിൽ നിയമത്തിലടക്കം വേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചത്. നേരത്തേ തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരും ദത്ത് റദ്ദാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക