വീണ്ടും 91,000ന് മുകളിൽ എത്തി സ്വർണവില

തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവില വീണ്ടും 91,000ന് മുകളിൽ. പവന് 400 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 91,000ന് മുകളിൽ എത്തി പുതിയ ഉയരം കുറിച്ചത്. 91,120 രൂപയാണ് പുതിയ സ്വർണവില. വ്യാഴാഴ്‌ച രേഖപ്പെടുത്തിയ 91,040 എന്ന റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഇന്നലെ രാവിലെ 1360 രൂപ കുറഞ്ഞ് 90,000ന് താഴെ പോയെങ്കിലും ഉച്ചയോടെ സ്വർണവില തിരിച്ചുകയറുകയായിരുന്നു. ഉച്ചയോടെ ഒറ്റയടിക്ക് 1040 രൂപയാണ് വർധിച്ചത്. ഇന്നലെ 90,720 രൂപയായാണ് സ്വർണവില ഉയർന്നത്.
ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 11,390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. എട്ടിനാണ് സ്വർണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.





