കാണാതായ വയോധികയെ വീടിനുസമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി

കാണാതായ വയോധികയെ വീടിനുസമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. പുനലൂർ പേപ്പർമിൽ കാഞ്ഞിരമല പള്ളിത്താഴിൽ വീട്ടിൽ ലീലാമ്മ (73) ആണ് കിണറ്റിൽ അകപ്പെട്ടത്. ഏകദേശം രണ്ട് ദിവസത്തിൽ ഏറെയായി ഇവർ കിണറ്റിൽ അകപ്പെട്ടിട്ട് എന്നാണ് അഗ്നിരക്ഷാസേന അധികൃതർ അനുമാനിക്കുന്നത്.
മകളുടെ വീട്ടിലായിരുന്ന ലീലാമ്മ കഴിഞ്ഞ വ്യാഴായ്ചയാണ് പുനലൂരിലെ വീട്ടിൽ തിരികെ എത്തുന്നത്. കഴിഞ്ഞ ദിവസം ഇവരെ മകൾ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴാണ് ലീലാമ്മയെ കാണാനില്ല എന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടുപരിസരത്ത് നിന്ന് ഇവരുടെ ആഭരണങ്ങളുള്ള കവർ കണ്ടെത്തുകയായിരുന്നു.
പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ 100 മീറ്റർ മാറി ഇറ്റക്കാട്ടിനുള്ളിലെ 20 അടിയോളം താഴ്ചയുള്ള വെളളമില്ലാതെ കാടുമൂടിയ പൊട്ടക്കിണറ്റിൽ ലീലാമ്മ അകപ്പെട്ടതായി കണ്ടത്തിയത്. അവശനിലയിലായിരുന്ന ഇവരെ അഗ്നിരക്ഷാസേന അധികൃതർ രക്ഷപ്പെടുത്തുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി.





