Kerala
HomeNews

ഒമ്പത് വയസ്സുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യൂമോണിയയെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്

17 Oct 20251 മിനിറ്റ് വായന
ഒമ്പത് വയസ്സുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യൂമോണിയയെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്


കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി അനയയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്. ഇൻഫ്ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപോർട്ട് വ്യക്തമാക്കുന്നത്. അനയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചിരുന്നു. കേസിൽ പിടിയിലായ സനൂപ് ജയിലിലാണ്. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു.

അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചാണ് കുട്ടിയുടെ മരണമെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപോർട്ടിലുണ്ടായിരുന്നത്.


അതിനിടെ, സനൂപിന്റെ ആക്രമണത്തിനിരയായ ഡോ. വിപിൻ ആശുപത്രി വിട്ടു. ഈ മാസം 11നാണ് തലയ്ക്ക് വെട്ടേറ്റ് ഡോ. വിപിൻനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് എട്ട് സെൻ്റീമീറ്റർ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വധശ്രമം, അതിക്രമിച്ചു കയറിയുള്ള ആക്രമണം, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ എന്നിവ ചുമത്തിയാണ് സനൂപിനെതിരെ കേസെടുത്തിട്ടുള്ളത്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക