Kerala
HomeNews

സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി ടീച്ചറുടെ ചൂരൽ പ്രയോഗം കുറ്റമാകില്ല- ഹൈക്കോടതി

24 Oct 20251 മിനിറ്റ് വായന
സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി ടീച്ചറുടെ ചൂരൽ പ്രയോഗം കുറ്റമാകില്ല- ഹൈക്കോടതി


കൊച്ചി: സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി അധ്യാപകൻ നടത്തിയ ചൂരൽ പ്രയോഗം കുറ്റമാകില്ലെന്ന് ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനും ടീച്ചർക്ക് അധികാരം ഉണ്ട്. കുട്ടിയുടെ ചുമതല അധ്യാപകനെ ഏൽപ്പിക്കുമ്പോൾ അത്തരമൊരു അധികാരവും രക്ഷിതാക്കൾ കൈമാറുന്നുണ്ടെന്നും ജസ്റ്റിസ് സി.പ്രതീപ് കുമാർ പറഞ്ഞു.


തമ്മിൽതല്ലിയ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ കാലിൽ ചുരലുകൊണ്ട് അടിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ പോലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുപി സ്കൂ‌ൾ അധ്യാപകൻ ഹൈക്കോടതിയിലെത്തിയത്.

2019 ലാണ് സംഭവം. പരസ്പരം തുപ്പുകയും തുടർന്ന് വടി ഉപയോഗിച്ച് തമ്മിൽ തല്ലുകയുമായിരുന്നു മൂന്ന് കുട്ടികൾ. ഇത് തടഞ്ഞ് അധ്യാപകൻ മൂന്നു പേർക്കും കാലിൽ ചൂരലുകൊണ്ട് അടി കൊടുത്തു. ഇതിനെ തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് നല്‌കിയ പരാതിയിൽ പോലീസ് കേസെടുത്തു. അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ലെന്ന് അധ്യാപകൻ വാദിച്ചു.


ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകനൊന്ന് അടിച്ചാൽ തെറ്റില്ലെന്ന് കോടതി പറഞ്ഞു. വഴക്കുണ്ടാക്കിയ കുട്ടികളുടെ കാലിനിട്ടാണ് അധ്യാപകൻ അടിച്ചത്. കുട്ടികൾക്ക് പരിക്കൊന്നും ഉണ്ടായില്ല.

നല്ല പൗരന്മാരായി വളരാനുള്ള ശിക്ഷയായിട്ടെ അതിനെ കാണാനാകു. എന്നാൽ അധ്യാപകൻറെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. തുടർന്നാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിലെ നടപടികൾ റദ്ദാക്കിയത്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക