ബസിൽ യാത്ര ചെയ്യുന്നതിനിടെ സീറ്റിലിരുന്ന യുവതിയെ കയറിപ്പിടിച്ചു; തൃശ്ശൂരിൽ മധ്യവയസ്കൻ പിടിയിൽ

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോടെ അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്കൻ പിടിയിൽ. മനക്കൊടി നടുമുറി ദേശത്ത് അറക്കൽ വീട്ടിൽ ടോണി (52) ആണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ടോണി. തൃശൂർ-തൃപ്രയാർ റൂട്ടിലേടുന്ന സ്വകാര്യ ബസിനുള്ളിൽ വെച്ച് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചെന്നാണ് കേസ്.
യുവതി ബഹളം വെച്ചപ്പോൾ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു. ബസ് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവം നടന്നത് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ യുവതി അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
അറസ്റ്റിലായ ടോണി അന്തിക്കാട്, തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകളും രണ്ട് അടിപിടി കേസുകളും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. അഫ്സൽ, എ.എസ്.ഐ. വിജയൻ, സിവിൽ പോലീസ് ഓഫീസർ ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





