Information
HomeNews

ഉജ്ജ്വല വരവേൽപ് ; വന്ദേഭാരത് കേരളത്തിലെത്തി

14 Apr 20232 മിനിറ്റ് വായന
ഉജ്ജ്വല വരവേൽപ് ; വന്ദേഭാരത് കേരളത്തിലെത്തി

കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് പാലക്കാട് ഉജ്ജ്വല സ്വീകരണം. ലോക്കോ പൈലറ്റിനെ മാലയിട്ടാണ് പാലക്കാട് റയില്‍വെ സ്റ്റേഷനില്‍ റയില്‍വെ ജീവനക്കാരും യാത്രക്കാരും വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്. ആഹ്ലാദ ആരവങ്ങളോടെയാണ് ജനങ്ങള്‍ കേരളത്തിലാദ്യമായെത്തിയ വന്ദേഭാരത് ട്രെയിനിനെ വരവേറ്റത്. മധുരം വിതരണം ചെയ്തും മാലയിട്ടും ട്രെയിനിലെ ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ട്രെയിന്‍ എറ്റെടുത്തു. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ സമയക്രമവും സ്റ്റോപ്പുകളും റയില്‍വേ മന്ത്രാലയം അന്തിമമായി നോട്ടിഫൈ ചെയ്യും. വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. സാധാരണ ‌ട്രെയിനെക്കാള്‍ ചാര്‍ജ്ജ് കൂടുതലാകും വന്ദേഭാരതില്‍. സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാനാകില്ല. തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെ ഏകദേശം 1345 രൂപ ചെയര്‍ കാറിനും, 2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാര്‍ജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാര്‍ജ് ഉള്‍പ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.

 പ്രത്യേകതകള്‍

ഒരു ട്രെയിനിന് ചെലവ് 97 കോടി രൂപ. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍,
ഓട്ടോമാറ്റിക് ഡോറുകള്‍, സ്‌റ്റെപ്പുകള്‍,
കോച്ചുകളില്‍ വൈഫൈ, ജി.പി.എസ് ബയോ വാക്വം ടോയ്‌ലെറ്റ്, റെയില്‍പ്പാതയിലെ കൊടും വളവുകളാണ് അതിവേഗ ട്രെയിനുകള്‍ക്ക് കേരളത്തില്‍ തടസ്സം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള 500 കിലോമീറ്ററില്‍ 570 വളവുകളുണ്ട്. ഇതില്‍ ഇരുന്നൂറോളം കൊടുംവളവുകള്‍ നിവര്‍ത്താനുള്ള സാദ്ധ്യതാപഠനം എങ്ങുമെത്തിയില്ല. നിലവിലെ പാളങ്ങളില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ് വേഗത. വളവുകള്‍ 0.85 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല. വളവുകള്‍ നിവര്‍ത്തുന്നതിന് പകരം നിലവിലെ ഇരട്ട റെയില്‍പ്പാതകള്‍ക്ക് സമാന്തരമായി വളവുകളില്ലാത്ത പുതിയ പാതയിലൂടെ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക