കാറിടിച്ച് യുവാവിൻറെ മരണം, വിവരം മറച്ചുവെച്ച അയൽവാസിയായ സുഹൃത്ത് അറസ്റ്റിൽ

മൂവാറ്റുപുഴ കല്ലൂർകാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപിൻ്റെ മരണത്തിൽ സുഹൃത്തും അയൽവാസിയുമായ നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസ് അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നിനാണ് പ്രദീപിനെ റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പാണംകുട്ടിപ്പാറ-തോണിക്കുഴി റോഡിലാണ് പ്രദീപ് വീണ് കിടന്നിരുന്നത്.
വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എങ്ങനെയാണ് പ്രദീപിന് പരുക്കേറ്റതെന്ന് വ്യക്തതയുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ പരുക്കുകൾ വാഹനമിടിച്ചുണ്ടായതാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. പ്രദീപ് പരുക്കേറ്റ് വീണുകിടന്ന റോഡിലും വാഹനാപകടത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. അപകടം നടന്നതിന് അധികം അകലെയല്ലാത്ത വർക്ക്ഷോപ്പിൽ നിന്ന് ഇടിച്ച വാഹനം കണ്ടെത്തുകയും ചെയ്തു. കാറിന്റെ ഉടമയെ തേടിയുള്ള അന്വേഷമാണ് മരിച്ച പ്രദീപിന്റെ അയൽവാസിയും സുഹൃത്തുമായ ജോമിനിൽ അവസാനിച്ചത്.
ചോദ്യം ചെയ്യലിൽ ജോമിൻ കുറ്റം സമ്മതിച്ചു. തൻ്റെ കാറാണ് പ്രദീപിനെ ഇടിച്ച് തെറിപ്പിച്ചതെന്നും പേടിച്ചിട്ടാണ് വിവരം മറച്ചുവെച്ചതെന്നുമാണ് ജോമിനിന്റെ മൊഴി. പ്രദീപ് പരുക്കേറ്റ് റോഡരികിൽ കിടക്കുന്ന വിവരം നാട്ടുകാരെ അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുൻകയ്യെടുത്തതും ജോമിനാണ്.
പ്രദീപിനെ ഇടിച്ചിട്ട ശേഷം കാർ സുഹൃത്തിന്റെ വർക്ക് ഷോപ്പിൽ കൊണ്ടിട്ട ശേഷമാണ് ജോമിൻ മടങ്ങിയെത്തിയത്.





