മുത്തശ്ശിയുടെ മരണത്തിലെ നഷ്ടപരിഹാരത്തെ ചൊല്ലി തർക്കം; യുവാവ് മുത്തച്ഛനെ കൊലപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പാലോടിന് സമീപം യുവാവ് സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തി. ഇടിഞ്ഞാർ മൈലാടുംകുന്നിൽ ക്ഷേത്ര പൂജാരിയായ രാജേന്ദ്രൻ കാണി (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകളുടെ മകൻ സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. രാജേന്ദ്രൻ കാണിയെ പിന്തുടർന്ന് എത്തിയാണ് സന്ദീപ് കൊലപ്പെടുത്തിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഒരു വർഷം മുമ്പാണ് രാജേന്ദ്രൻ കാണിയുടെ ഭാര്യ പാലോട് ടൗണിൽ വച്ച് വാഹനാപകടത്തിൽ മരിച്ചത്. ഭാര്യയുടെ മരണത്തെത്തുടർന്ന് രാജേന്ദ്രൻ കൈണിക്ക് അടുത്തിടെ നഷ്ടപരിഹാര തുക നൽകാൻ കോടതി വിധിച്ചിരുന്നു. ഒരേ വീട്ടിൽ താമസിച്ചിരുന്ന സന്ദീപ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പണത്തിനായി മുത്തച്ഛനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. പണത്തിനായി ശല്യം തുടർന്നതോടെ രാജേന്ദ്രൻ കാണി വീട്ടിൽ നിന്നിറങ്ങി ഇടിഞ്ഞാറിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇവിടെ വന്നും സന്ദീപ് ശല്യം തുടർന്നു.
വൈകുന്നേരം ക്ഷേത്രത്തിലെ നട തുറക്കാനായി രാജേന്ദ്രൻ കാണി എത്തിയപ്പോഴാണ് സന്ദീപ് ആദ്യം ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ടതിന് പിന്നാലെ സമീപത്തെ ഒരു കടയിലേക്ക് ഇയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ പിന്നാലെയെത്തിയ സന്ദീപ് കടയിൽ നിന്ന് രാജേന്ദ്രനെ വലിച്ച് പുറത്തിറക്കി വീണ്ടും ആക്രമിക്കുകയായിരുന്നു. രാജേന്ദ്രൻ കാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച സന്ദീപിനെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.





