8 വയസ്സുകാരിയെ പീഡിപ്പിച്ചു; 52കാരന് 97 വർഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും

മഞ്ചേരി: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് വിവിധ വകുപ്പുകളിലായി 97 വർഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 52കാരനെയാണ് മഞ്ചേരി സ്പെഷൽ പോക്സോ കോടതി ജഡ്‌ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
പ്രതിയുടെ റിമാൻഡ് കാലയളവ് ശിക്ഷയായി പരിഗണിക്കും. പ്രതി പിഴയടക്കുന്നപക്ഷം പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി. കൂടാതെ, വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് നിർദേശിച്ചു.2024 മാർച്ച് 31ന് വൈകീട്ട് 4.30നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിക്കുന്ന വീട്ടിലെത്തിച്ച് അതിജീവിതയെ പീഡിപ്പിച്ചെന്നാണ് കേസ്. വാഴക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ കെ. രാജൻബാബു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അസി. സബ് ഇൻസ്പെക്‌ടർ ടി. പ്രഭകേസന്വേഷണത്തിൽ സഹായിച്ചു. 17 സാക്ഷികളെ വിസ്തരിച്ചു.
27 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസി. സബ് ഇൻസ്പെക്ടർ എൻ. സൽമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.





