വ്യാജ ട്രേഡിങ്ങിലൂടെ 25 കോടി വരെ നഷ്‌ടം; തട്ടിപ്പാണെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോൾ

കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചി സ്വദേശിയായ വ്യവസായിയുടെ 25 കോടി തട്ടിയെടുത്ത സംഘം മലയാളികളായ ഒട്ടേറെപ്പേരെ കബളിപ്പിച്ചെന്നും സൂചന. സമാനവിധത്തിൽ കബളിപ്പിക്കപ്പെട്ട അഞ്ചോളം പേരെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി. ഇവരെ കേസിൽ സാക്ഷികളാക്കിയേക്കും. അതേസമയം, പണം നഷ്‌ടമായത് ഓഹരി വിപണിയിലെ തിരിച്ചടികൾ കൊണ്ടാണെന്നായിരുന്നു തട്ടിപ്പിനിരയായ പലരും കരുതിയിരുന്നത്. പൊലീസ് ബന്ധപ്പെട്ടപ്പോൾ മാത്രമാണു തങ്ങളുടെ പണം നഷ്ടമായത് തട്ടിപ്പിലൂടെയാണെന്ന് ഇവർ തിരിച്ചറിഞ്ഞത്.
സീഷെൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ പേരിലാണ് കൊച്ചി വ്യവസായിക്ക് 25 കോടി രൂപ നഷ്ടമായത്. വ്യവസായി പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച അന്വേഷണമാണ് കബളിപ്പിക്കപ്പെട്ട മറ്റുള്ളവരിലേക്ക് എത്താൻ പൊലീസിനു സഹായകമായത്. 40 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ വ്യാജ ട്രേഡിങ്ങിലൂടെ നഷ്ടപ്പെട്ടവരാണ് ഇവർ. ഓഹരി വിപണിയിലെ ചാഞ്ചാട്ടം മൂലവും സ്വർണവില കുത്തനെ ഉയർന്നതു മൂലവുമാണ് തങ്ങൾക്കു പണം നഷ്ടമായതെന്നാണ് ഇവർ കരുതിയിരുന്നത്. സ്വർണവില താഴുന്നതോടെ തങ്ങളുടെ പണം തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവരുമുണ്ട്. എന്നാൽ പണം തട്ടിയെടുക്കുന്ന സംഘമായിരുന്നു ഇതിനു പിന്നിലെന്നു പൊലീസ് ഇവരെ ബോധ്യപ്പെടുത്തി.
സീഷെൽസ് ആസ്ഥാനമായ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് എങ്കിലും സൈപ്രസ് ആണ് തട്ടിപ്പുകാരുടെ താവളം എന്നാണ് അന്വേഷക സംഘം കരുതുന്നത്. സീഷെൽസ് ആസ്ഥാനമായ കമ്പനിക്കു തട്ടിപ്പിൽ പങ്കുണ്ടോ അതോ ഇവരുടെ പേരിൽ തട്ടിപ്പുകാർ പ്രവർത്തിച്ചതാണോ തുടങ്ങിയ കാര്യങ്ങളും അറിയേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രേഖകൾ തയാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് അന്വേഷകസംഘം. തട്ടിപ്പു സംഘത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട് എന്നു തന്നെയാണ് പൊലീസ് കരുതുന്നത്. ഓൺലൈൻ ട്രേഡിങ്ങിന് കൊച്ചി വ്യവസായിയെ ബന്ധപ്പെട്ടിരുന്നത് ഡാനിയേൽ എന്ന് പരിചയപ്പെടുത്തിയ ഒരു മലയാളിയാണ്.





