സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന സാക്ഷി ദുബായിൽ, മികച്ച സിനിമയ്ക്കുള്ള അവാർഡ് വാങ്ങാൻ സൗബിന് ആകില്ല; തിരിച്ചടി

കൊച്ചി:'മഞ്ഞുമ്മൽ ബോയ്‌സ്' മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയത് ഏറ്റുവാങ്ങാൻ ദുബായ്ക്ക് പോകാനുള്ള നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ സൗബിന്റെ വിദേശ യാത്ര നേരത്തെ മജിസ്ട്രേറ്റ് കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ സൗബിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്റെ മറുപടി തേടി ജസ്‌റ്റിസ് പി.വി.ബാലകൃഷ്ണൻ കേസ് ഈ മാസം എട്ടിലേക്ക് മാറ്റി. സ്വകാര്യ ഗ്രൂപ്പ് ഈ മാസം അഞ്ചിനും ആറിനുമായി ദുബായിൽ സംഘടിപ്പിച്ചിട്ടുള്ള അവാർഡ് നൈറ്റിൽ ആറിനാണ് മലയാള സിനിമയ്ക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന സാക്ഷി ദുബായിൽ ആണെന്നും ഇവിടെ എത്തിയാൽ സൗബിൻ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയെ എതിർത്ത് പരാതിക്കാരൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് വിവരം സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതിൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു കാട്ടി കോടതി വിശദ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. നേരത്തെ സാമ്പത്തിക തട്ടിപ്പു കേസിൽ ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാണത്തിന് ഏഴു കോടി രൂപ നൽകിയെങ്കിലും 40 ശതമാനം ലാഭമെന്ന വാഗ്ദാനം പാലിച്ചില്ലെന്നു കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് സൗബിനും പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്റണി എന്നിവർക്കെതിരെ കോടതി നിർദേശപ്രകാരം മരട് പൊലീസ് കേസെടുത്തത്. മുടക്കുമുതൽ പോലും മടക്കി നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.





