Kerala
HomeNews

ഓൺലൈൻ ലോൺ, ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

13 Sept 20251 മിനിറ്റ് വായന
ഓൺലൈൻ ലോൺ, ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

 


തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ,ഗൂഗിൾ പ്ലേ സ്റ്റോർ മുതലായ പ്ലാറ്റ്ഫോമുകളിൽ നിരവധി വ്യാജ ലോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. ലെൻട്ര ക്യാപിറ്റൽ, ക്രെഡിറ്റ് നിർവാണ തുടങ്ങിയ കമ്പനികളുടെ പേരിലാണ് വ്യാജ ലോൺ തട്ടിപ്പ് സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.


ഈടൊന്നും നൽകാതെ വളരെ വേഗം ലോൺ ലഭിക്കുന്നു എന്നതാണ് ഇത്തരം ലോൺ ആപ്പുകളെ സാധാരണക്കാർ തിരഞ്ഞെടുക്കുന്നതിനുള്ള മുഖ്യകാരണം. എന്നാൽ ഇത്തരം ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ വ്യക്തികളുടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ, ഫോട്ടോകൾ, കോൺടാക്ട് ലിസ്റ്റ് എന്നിവയുടെ നിയന്ത്രണം തട്ടിപ്പുകാർ ഈടെന്ന നിലയിൽ നേടിയെടുക്കുന്നു.


കൃത്യമായി ലോൺ തിരിച്ചടക്കുന്നവർക്ക് അവർ ആവശ്യപ്പെടാതെ തന്നെ വീണ്ടും ലോൺ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്‌തുകൊടുക്കുന്നു. ലോൺ നൽകാതെ തിരിച്ചടവ് ആവശ്യപ്പെടുക, ലോൺ തിരിച്ചടവിനുള്ള സമയപരിധിക്കു മുൻപ് ലോൺ തിരിച്ചടയ്ക്കാൻ ഭീഷണിപ്പെടുത്തുക തുടങ്ങിയ രീതികളാണ് തട്ടിപ്പുകാർ അവലംബിക്കുന്നത്.

ഇരകളെ ഭീഷണിപ്പെടുത്തുന്നതിനായി അവരുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്തത്‌ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്ത് അവരെ മാനസിക സംഘർഷത്തിൽ ആക്കുന്നു. ഇത്തരം വ്യാജ ഓൺലൈൻ ലോൺ ആപ്പുകളോട് ജാഗ്രത പാലിക്കുക. ലോൺ ആവശ്യമുള്ളവർ നിയമാനുസരണം പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം ലോണുകൾ സ്വീകരിക്കുക. നിങ്ങളുടെ ഫോണിൻറെ നിന്ത്രണം ആവശ്യപ്പെടുന്ന ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.


ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്ത‌ാൽ ഉടൻതന്നെ 1930 എന്ന സൗജന്യ നമ്പറിൽ https://cybercrime.gov.in എന്ന് വെബ്സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക