Kerala
HomeNews

'അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻ്ററുകളല്ല'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈകോടതി

11 Sept 20252 മിനിറ്റ് വായന
'അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻ്ററുകളല്ല'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈകോടതി

 



കൊച്ചി: . കേരളത്തിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻ്ററുകൾ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഹൈകോടതിയുടെ ഓർമപ്പെടുത്തൽ. അവശ്യ സേവനങ്ങൾക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഉത്തരവ്.


അക്ഷയ സെന്ററുകളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എന്റ്റർപ്രണേഴ്‌സ് കോൺഫെഡറേഷന്റെ ഹർജിയും കോടതി തള്ളി. ആഗസ്റ്റ് ആറിനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. എന്നാൽ, പ്രവൃത്തികളുടെ വ്യാപ്‌തി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഹൈകോടതിയെ സമീപിച്ചത്.വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്‌ത നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള സേവനങ്ങൾക്ക് പുതിയ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരെ അമിത സർവീസ് ചാർജ് ഈടാക്കി ചൂഷണം ചെയ്യുന്നതായി നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. സർക്കാർ ഇ-ഡിസ്ട്രിക്‌ട് സേവനങ്ങൾ, പരീക്ഷകൾ, വിവിധ കോഴ്‌സുകളുടെ അപേക്ഷ എന്നീ സേവനങ്ങൾക്ക് തോന്നിയതുപോലെയാണ് ഗുണഭോക്താക്കളിൽനിന്ന് പണം ഈടാക്കിയിരുന്നത്. തിരക്കിനിടയിൽ പലരും അമിത ചാർജ് ഈടാക്കുന്നത് ചോദ്യം ചെയ്യാറില്ല. ഇതു മുതലെടുത്താണ് പല കേന്ദ്രങ്ങളും ഇത്തരം അനധികൃത പ്രവൃത്തി ചെയ്യുന്നത്. പഞ്ചായത്ത്, റവന്യൂ, കൃഷി വകുപ്പ് മറ്റ് സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് അപേക്ഷ നൽകാൻ എത്തുന്ന സാധാരണക്കാരുടെ കൈയിൽനിന്ന് ഇത്തരം കേന്ദ്രങ്ങൾ അമിതകൂലി വാങ്ങുന്നു.സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടനയെപ്പറ്റി പൊതുജനത്തിന് അറിവില്ലാത്തതാണ് അധിക ചാർജ് ഈടാ ക്കാനുള്ള കാരണം. മുമ്പും അധികചർജ് ഈടാക്കലുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉണ്ടായി. ഇതേ തുടർന്ന് മുമ്പ് സർക്കാർ വിവിധ സേനകൾക്ക് ഈടാക്കാവുന്ന തുക എത്രയെന്ന് പ്രസിദ്ധീകരിച്ചിരുന്നു. അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാർ നി ശ്ചയിച്ചിട്ടുള്ള സർവിസ് ചാർജുകൾ പൊതുജനത്തിന് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്ഥ. അല്ലെങ്കിൽ പിഴ ഈടാക്കും.


പൊതുജനത്തിന് അക്ഷയകേന്ദ്രം വഴിയുള്ള സേവനങ്ങൾ സംബസിച്ച് പരാതി ഡയറക്‌ടർ അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫിസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം -695001 എന്ന മേൽവിലാസ ത്തിലോ അതത് ജില്ല ഭരണകൂടത്തിനോ നൽകാം.






ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക