Kerala
HomeNews

വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി; ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിൽ

20 Sept 20251 മിനിറ്റ് വായന
വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി; ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിൽ


അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. വെള്ളം നിറഞ്ഞ പാറമടയിൽ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഇട്ട ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വൈകീട്ട് നാല് മണിയോടെ പാറമടയിൽ ചൂണ്ടയിടാൻ എത്തിയ രണ്ടുപേരാണ് മൃതദേഹം കണ്ടത്. ഇവർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗം മീനുകൾ കൊത്തി വേർപെടുത്തിയതാകാമെന്നും ഇങ്ങനെയായിരിക്കാം മൃതദേഹം വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നത് എന്നുമാണ് പ്രാഥമിക നിഗമനം.


ഇരുട്ട് വീണതിനാൽ ഇന്നലെ മൃതദേഹം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തന്നെ മൃതദേഹം പുറത്തെത്തിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. 70 മീറ്ററിലധികം ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റർ അകലെ വരെ മാത്രമെ വാഹനങ്ങൾ എത്തുകയുള്ളൂ. മൃതശരീരം പുറത്തെടുത്ത ശേഷം ബാക്കി ഭാഗത്തിനായുള്ള തിരച്ചിലും നടത്തും.

പാറമടയുടെ സമീപ പ്രദേശങ്ങൾ കാടുപിടിച്ച് കിടക്കുന്നതും ആൾ സഞ്ചാരമില്ലാത്ത പ്രദേശവുമാണ്. നിലവിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസുകളൊന്നും ഫയൽ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എഎസ്പി ഹാർദിക് മീണ, അയ്യമ്പുഴ ഇൻസ്പെക്ടർ ടി കെ ജോസി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റാന്വേഷണ വിദഗ്‌ധരും ഫൊറൻസിക് സംഘവുമുൾപ്പെടെ ഇന്ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക