വിദ്യാർഥിനികൾക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ച് ഭീഷണി, ഒടുവിൽ 29-കാരൻ പിടിയിൽ

കോഴിക്കോട്:വിദ്യാർഥിനിയ്ക്ക് വാട്‌സാപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ സ്വദേശിയായ സംഗീത് കുമാർ (29) നെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പെൺകുട്ടികളെ മാത്രം കേന്ദ്രീകരിച്ച് കോളജിലെ സീനിയർ വിദ്യാർഥിയാണെന്ന വ്യാജേന മെസ്സേജുകൾ അയച്ച് സുഹൃത്താവുകയും ഗ്രൂപ്പുകൾ നിർമ്മിച്ചും പിന്നീട് നേരിട്ടും വാട്‌സാപ്പ് വഴി ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളും, ഫോട്ടോകളും, ലൈംഗിക പരാമർശങ്ങളോട് കൂടിയ മെസ്സെജുകളും ഇയാൾ അയച്ചിരുന്നു.
ഇയാളുടെ കൈയ്യിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും, തിശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ നിരവധി പരാതികൾ ഉള്ളതായി അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
സൈബർ ക്രൈം പൊലീസ് അസിസ്റ്റന്റ്റ് കമ്മീഷണർ ശ്രീ. ജി ബാലചന്ദ്രന്റെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി സൈബർ സെല്ലിൽ നിന്നും ടിയാന്റെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ചു തൃശൂരിലെ വടക്കാഞ്ചേരിയിലും മറ്റും അന്വേഷണം നടത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഫെബിൻ, സി.പി.ഓ.മാരായ ഷമാന അഹമ്മദ്, ബിജു വി, മുജീബ് റഹ്മാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.





